
കൊച്ചി: ശബരിമല വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശങ്ങളുമായി കേരള ഹൈക്കോടതി. യുവതികള്‍ മല കയറിയ സംഭവത്തില്‍ രഹസ്യ അജന്‍ഡയുണ്ടായിരുന്നോ എന്ന് വാദത്തിനിടെ ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസികളാണോ എന്നും എന്തെങ്കിലും തെളിയിക്കാനായാണോ അവര്‍ അവിടെ വന്നതെന്നും ഹൈക്കോടതി ചോദിച്ചു. ഇവര്‍ വിശ്വാസികളാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇക്കാര്യത്തില്‍ വിശദമായ വിശദീകരണം രേഖമൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ വിവരങ്ങളും പേപ്പറില്‍ കാണണമെന്നായിരുന്നു എജിയോടുള്ള ഹൈക്കാടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ആരുടെ എങ്കിലും നിര്‍ബന്ധപ്രകാരമാണോ യുവതികള്‍ മല കയറിയത്. എല്ലാം നന്നായി പോകുന്പോള്‍ ആരാണ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നത്...? സർക്കാർനു അജണ്ട ഉണ്ടെന്ന് പറയുന്നില്ല....പക്ഷെ അജണ്ട ഉള്ളവരെ തിരിച്ചറിയാൻ സാധിക്കണം. അതിന് സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ കൊണ്ടു വരുമെന്ന മുന്നറിയിപ്പും ഇന്ന് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായി. ശബരിമല വിശ്വാസികള്‍ക്കുള്ള സ്ഥലമാണെന്നും ഹൈക്കോടതി വാദത്തിനിടെ ഓര്‍മപ്പെടുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സെപ്ഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്പോള്‍ ആണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചോദിച്ചത്. റിപ്പോർട്ടിന് മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ചോദിച്ചു. സ്വകാര്യവാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തിലും ഹൈക്കോടതി ഇന്ന് സര്‍ക്കാരില്‍ നിന്നും വാക്കാല്‍ വിശദീകരണം തേടി. മനിതി സംഘത്തിന്‍റെ വാഹനം പന്പയിലേക്ക് കടത്തി വിട്ട സംഭവമാണ് ഹൈക്കോടതി പരാമര്‍ശിച്ചത്.
നിലയ്ക്കല്‍ തൊട്ടു പന്പ വരെ സര്‍ക്കാര്‍ വാഹനങ്ങള്‍ അല്ലാതെ മറ്റുള്ള വാഹനങ്ങള്‍ കടത്തി വിടരുത് എന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കേ എങ്ങനെയാണ് സ്വകാര്യ വാഹനം കടത്തി വിട്ടതെന്നും കോടതി ഉത്തരവ് മറികടക്കാന്‍ സര്‍ക്കാരിനും പൊലീസിനും എങ്ങനെ സാധിക്കുമെന്നും ചോദിച്ച കോടതി ഇത് കോടതീയലക്ഷ്യമാകുമെന്നും നിരീക്ഷിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam