
1998-ലാണ് ഹയർ സെക്കണ്ടറി നിലവിൽ വന്നത്. പ്രീഡിഗ്രിയെ കോളേജിൽ നിന്ന് വേർപെടുത്തി സ്കൂളിൽ ചേർത്ത കാലം. എന്നാൽ സ്ഥലം മാറ്റത്തെ സംബന്ധിച്ച് ഏറ്റവും കൂടുതൽ വിവാദങ്ങൾ അരങ്ങേറുന്ന ഇടവും ഹയർ സെക്കണ്ടറി മേഖലയാണ്. സർക്കാർ മാറി വന്നപ്പോഴും അധ്യാപകരുടെ ട്രാൻസ്ഫറിനെ സംബന്ധിച്ച ഈ അനിശ്ചിതത്വങ്ങൾ നീങ്ങുന്നില്ല. 2015-ലായിരുന്നു ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ സ്ഥലംമാറ്റം നടന്നത്. അതിനുശേഷം രണ്ടു കരടു ലിസ്റ്റുകൾ വന്നു. ആദ്യത്തേത് വന്ന വഴിയേ പോയി. രണ്ടാമത്തേത് സ്റ്റേയിലാണ്. ട്രാൻസ്ഫർ നോംസ് അനുസരിച്ച് കരട് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ആകെ നടക്കുന്ന ട്രാൻസ്ഫറിന്റെ നിശ്ചിത ശതമാനമാണ് പ്രയോറിറ്റി ആന്റ് കംപാഷണേറ്റ് വിഭാഗങ്ങൾക്കായി നീക്കിവയ്ക്കേണ്ടത്. എന്നാൽ
പ്രയോറിറ്റി & കംപാഷനേറ്റ് അനുപാതം കണക്കാക്കിയ രീതി പാടേ തെറ്റാണ്. ട്രാൻസ്ഫർ ലിസ്റ്റിൽ ഉൾപ്പെട്ട നൂറ് കണക്കിന് അധ്യാപകർക്ക് ട്രാൻസ്ഫർ സ്വന്തം സ്കൂളിലേയ്ക്ക് തന്നെയാണ്. ഇതിനെ ട്രാൻസ്ഫറായി പരിഗണിക്കാൻ സാധിക്കില്ല. ഇക്കൂട്ടരുടെ എണ്ണം കൂടിച്ചേർത്ത് അതിന്റെ നിശ്ചിത ശതമാനം കണക്കാക്കിയപ്പോൾ അനർഹമായി ധാരാളം പേർ കംപാഷണേറ്റ് പ്രയോറിറ്റി പട്ടികയിൽ ഉൾപ്പെട്ടു.
ഉദാ:
HSSTഇംഗ്ലീഷ്.
ആകെ ഹോംസ്റ്റേഷൻ ട്രാൻസ്ഫർ: 601
സ്വന്തം സ്കൂളിലേക്ക് തന്നെ ട്രാൻസ്ഫർ : 126
യഥാർഥ ട്രാൻസ്ഫർ: 475
മറ്റ് ട്രാൻസ്ഫർ : 149
സ്വന്തം സ്കൂളിലേക്ക് ട്രാൻസ്ഫർ : 18
യഥാർഥ ട്രാൻസ്ഫർ: 131
അതായത് 126 + 18 = 144 പേർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടില്ല.
അപ്പോൾ കുറഞ്ഞത് 15 പേർക്ക് കംപാഷണേറ്റും 29 പേർക്ക് പ്രയോറിറ്റിയും അനർഹമായി ലഭിച്ചു. സ്വാഭാവികമായും ജനറൽ റാങ്കിലുള്ള അത്രയും പേർക്ക് ട്രാൻസ്ഫർ കിട്ടാതെ പോയി. ഇത് ഒരു വിഷയത്തിന്റെ മാത്രം കാര്യമാണ് എന്ന് ഓർക്കുക. കംപാഷണേറ്റ്, പ്രയോറിറ്റി ഇവയുടെ നീതിപൂർവമല്ലാത്ത വിതരണമാണ് ഈ ലിസ്റ്റിനെതിരെ ഇത്രയും പരാതി ഉണ്ടാകാൻ കാരണം. ആകെ നൽകിയ കംപാഷണേറ്റ്, പ്രയോറിറ്റി ട്രാൻസ്ഫറിന്റെ ശരാശരി 75% തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് നൽകിയിട്ടുള്ളത്. 10% കംപാഷണേറ്റ്, 20% പ്രയോറിറ്റി എന്ന ശതമാനത്തിലാണ് ട്രാൻസ്ഫർ നടത്തുന്നത് എന്ന് പറയുമ്പോൾ, ഇതെല്ലാം കൂടി ഒന്നോ രണ്ടോ ജില്ലകളിൽ നൽകിയപ്പോൾ ജനറൽ മെറിറ്റിൽ ട്രാൻസ്ഫറിന് അർഹരായവർക്ക് അത് കിട്ടാതെ പോയി.
കംപാഷണേറ്റ് പ്രയോറിറ്റി ട്രാൻസ്ഫർ ലിസ്റ്റുകൾ ഏറ്റവും കൂടുതൽ നടപ്പിലായിരിക്കുന്നത് കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ്. അതും അനർഹമായ രീതികളിൽ. അതുകൊണ്ട് അർഹരായ ജനറൽ കാറ്റഗറി ലിസ്റ്റിൽ പെട്ടവർക്ക് ട്രാൻസ്ഫർ ലഭിക്കുന്നില്ല എന്നതാണ് അധ്യാപകർ നേരിടുന്ന പ്രധാന പ്രശ്നം. അഞ്ചു വർഷം തുടർച്ചയായി ഒരേ ജില്ലയിൽ ജോലി ചെയ്തവരെ മൂന്നു വർഷം ഔട്ട്സ്റ്റേഷൻ സർവ്വീസുള്ള മാതൃജില്ലക്കാർക്ക് വേണ്ടി സ്ഥലം മാറ്റണം. അതുപോലെ ത്രോൺ ഔട്ട് ട്രാൻസ്ഫർ എന്നൊരു സംവിധാനവും നിലനിൽക്കുന്നുണ്ട്. അതായത് ഒരു സ്കൂളിലേക്ക് സ്ഥലം മാറി വരുന്ന പ്രിൻസിപ്പൽ എക്കണോമിക്സ് വിഷയമായുള്ള ആളാണെങ്കിൽ അവിടുത്തെ എക്കണോമിക്സ് ടീച്ചർ ത്രോൺ ഒൗട്ടാകും. തിരുവനന്തപുരം ജില്ലയിലേക്ക് നടന്ന ട്രാൻസ്ഫറിൽ ഒഴിവുകൾ മുഴുവനും കംപാഷണേറ്റ് പ്രയോറിറ്റി വിഭാഗക്കാർ കൊണ്ട് പോയ നിരവധി വിഷയങ്ങളുണ്ട്. HSST കൊമേഴ്സിൽ 15 ട്രാൻസ്ഫർ നടന്നതിൽ 10 എണ്ണം കംപാഷണേറ്റും 5 എണ്ണം പ്രയോറിറ്റിയുമാണ്. ഹോംസ്റ്റേഷൻ ട്രാൻസ്ഫർ പൂജ്യം !! ഇംഗ്ലീഷിൽ ആകെ കംപാഷണേറ്റ് 75, തിരുവനന്തപുരം 22, കൊല്ലം 21. അതായത് 75 ൽ 43 കംപാഷണേറ്റും രണ്ട് ജില്ലകളിലായി നൽകി.
ഇങ്ങനെ എത്രയെത്ര വിഷയങ്ങളിൽ ഇത്തരത്തിൽ അനർഹമായി ട്രാൻസ്ഫർ അനുവദിക്കപ്പെട്ടിരിക്കുന്നു! ഹയർസെക്കണ്ടറി അധ്യാപകരിൽ കൂടുതലും ഈ രണ്ട് ജില്ലകളിൽപ്പെട്ടവരാണെന്നതാണ് ഒരു ന്യായം. ഇത് ശരിയാണ്. അപ്പോൾ ജനറൽ മെറിറ്റിലും തിരിച്ച് വരാൻ അത്രയധികം ആൾക്കാർ ഉണ്ട് എന്നതാണ് അതിനുള്ള മറുപടി. ഈ പരാതികൾക്കെല്ലാം പരിഹാരവുമുണ്ട്. അതായത് ഹോംസ്റ്റേഷൻ അടിസ്ഥാനത്തിൽ നടത്തുന്ന ട്രാൻസ്ഫറാണിത്. അപ്പോൾ ഹോംസ്റ്റേഷനിലേക്ക് അഥവാ ഒരു ജില്ലയിലേക്ക് നടത്തുന്ന ട്രാൻസ്ഫറിന്റെ നിശ്ചിത ശതമാനം മാത്രം കംപാഷണേറ്റ്, പ്രയോറിറ്റി ട്രാൻസ്ഫറിന് നീക്കി വയ്ക്കുക. സ്റ്റേറ്റടിസ്ഥാനത്തിൽ കംപാഷണേറ്റ്, പ്രയോരിറ്റി ട്രാൻസ്ഫറുകൾ നടത്തരുത്.
പ്രയോറിറ്റിയുടെ തെറ്റായ പ്രയോഗം. പ്രത്യേക പരിഗണന അർഹിക്കുന്ന 20 വിഭാഗങ്ങൾക്കാണ് പ്രയോറിറ്റി നൽകിയിട്ടുള്ളത്. ഇത് സർവീസിൽ ഒരു തവണ മാത്രമേ കിട്ടൂ. അത് 5 വർഷത്തേയ്ക്ക് മാത്രമാണ്. എന്നാൽ 2016 ലെ ട്രാൻസ്ഫറിൽ പ്രയോറിറ്റിയുടെ ആനുകൂല്യം ലഭിച്ചവർ ഇത്തവണ വീണ്ടും അത് ഉപയോഗിച്ചത് നിയമവിരുദ്ധമാണ്. പുതിയ നോംസ് ആയതുകൊണ്ട് ആ ആനുകൂല്യം വീണ്ടും ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് ഇതിന്റെ മറുവാദം. എന്നാൽ ഓരോ വർഷവും നമ്മുടെ ട്രാൻസ്ഫർ നോംസിൽ ഭേദഗതികൾ വന്നുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ ആ വാദത്തിന് എന്ത് അർത്ഥമാണുള്ളത്?
മറ്റൊന്ന്, പത്തും പന്ത്രണ്ടും വർഷമായി ഒരു ജില്ലയിൽ അഥവാ ഒരേ സ്കൂളിൽത്തന്നെ തുടരുന്നവർ പ്രയോറിറ്റി ആനുകൂല്യം ഉപയോഗിച്ച് വീണ്ടും അവിടെത്തന്നെ തുടരുന്നു. പതിമൂന്ന് വർഷമായി ഒരേ സ്കൂളിൽ തന്നെ ജോലി ചെയ്യുന്നവരുണ്ട്. അവർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അവിടെത്തന്നെ തുടരുന്നു. HSSTപൊളിറ്റിക്കൽ സയൻസിന്റെ ( Senior) ലിസ്റ്റിൽ 16 അധ്യാപകർക്ക് സ്വന്തം സ്കൂളിൽ തുടരാൻ വിവിധ ജില്ലകളിലായി വ്യത്യസ്ത പ്രയോറിറ്റികൾ അനുവദിച്ചിട്ടുണ്ടായിരുന്നു. ഇത് യഥാർത്ഥത്തിൽ പ്രയോറിറ്റി ലഭിക്കാൻ അർഹരായ 5 ഉം 6 ഉം വർഷത്തിലധികം ഔട്ട് സ്റ്റേഷൻ സർവ്വീസുള്ള അധ്യാപകർ പ്രയോറിറ്റി ലിസ്റ്റിൽ നിന്നും പരിഗണിക്കപ്പെടാതെ പുറത്താകാൻ കാരണമായി. മൂന്ന് വർഷത്തിൽ കൂടുതൽ ഔട്ട് സ്റ്റേഷൻ സർവ്വീസുള്ളർ ട്രാൻസ്ഫറിന് അർഹതയുള്ളവരാണ്. എന്നാൽ ഇവരെയൊക്കെ പിന്തളളിയാണ് പലരു സ്വന്തം ഇഷ്ടത്തിന് സ്ഥലം മാറ്റം വാങ്ങി പോകുന്നത്.
ട്രാൻസ്ഫർ വിളിച്ചപ്പോൾ, ഒരു ജില്ലയിൽ 5 വർഷം പൂർത്തിയായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ ഉൾപ്പെട്ടവരിൽ കംപാഷണേറ്റ് ആനുകൂല്യത്തിന് അർഹതയുള്ളവരൊഴികെ ഒരാളെയും പ്രയോറിറ്റിയുടെ പേരിൽ നിലനിർത്താതിരിക്കുക എന്നതാണ് ഇതിന് പരിഹാരം. 2005 മുതൽ ഇത്രയും കാലം ഒരു ജില്ലയിൽ ജോലി ചെയ്തവർ ഇക്കൊല്ലം ഹോംസ്റ്റേഷൻ മാറ്റി തൊട്ടടുത്ത ജില്ലയാക്കി. അപ്പോൾ 13 കൊല്ലം അദ്ദേഹം ജോലി ചെയ്ത കാലഘട്ടം ഔട്ട് സ്റ്റേഷൻ സർവ്വീസായി മാറി. സ്വാഭാവികമായും റാങ്കിൽ ഏറ്റവും മുകളിൽ വരികയും ഇഷ്ടപ്പെട്ട സ്ഥലത്ത് അനർഹമായി കയറിപ്പറ്റുകയും ചെയ്തു.
ഗവൺമെൻറിന്റെ പുതിയ ഉത്തരവ് പ്രകാരം ജോലിയിൽ കയറിയപ്പോൾ ഉള്ള വിലാസമാണ് ഹോംസ്റ്റേഷൻ. നിയമപ്രകാരം ഇത് ഒരു തവണ മാറ്റാം. ഇത് കർശനമായി നടപ്പാക്കിയാൽ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലത്തെ സർവ്വീസ്, ഔട്ട്സ്റ്റേഷൻ സർവ്വീസായി പരിഗണിക്കാനാകില്ല. V3 വേക്കൻസികൾ ഓപ്പൺ വേക്കൻസി ആക്കിയതിന്റെ ഫലം തീരെ ഇല്ലാതാകുന്ന രീതിയിലാണ് അത് നടപ്പാക്കിയത്. (നിലവിൽ 5വർഷം ഒരു ജില്ലയിൽ പൂർത്തിയാക്കിയാൽ അവിടെ ഓപ്പൺ വേക്കൻസിയാവും. അതാണ് V3) V3 ഒഴിവുകളിൽ ടോട്ടൽ സീനിയോറിറ്റിയാണ് ബാധകമാക്കിയതായി കാണുന്നത്. സ്വാഭാവികമായും 2005 മുതൽ സർവ്വീസിലുള്ളവർ അത്തരം വേക്കൻസികൾ കൈയ്യടക്കുകയോ ആ പോസ്റ്റിൽ നിലവിലുള്ള അധ്യാപകൻ മാറ്റപ്പെടാതെ തുടരുകയോ ചെയ്യുന്നു.
നിലവിൽ അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ഹയർസെക്കണ്ടറി അധ്യാപകരുടെ ട്രാൻസ്ഫർ വിഷയം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനം തയ്യാറാക്കിയ പട്ടികയിലും അനർഹരായവർ സ്ഥാനം പിടിച്ചതായി ആരോപണമുണ്ടായിരുന്നു. മുൻഗണനാ വിഭാഗത്തിൽ അർഹരായവരെ അവഗണിച്ച് ചില പ്രത്യേക താത്പര്യങ്ങൾക്ക് മേൽ ട്രാൻസ്ഫർ അനുവദിച്ചതായും പരാതിയുണ്ടായിരുന്നു. ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുള്ളവർ അതുപയോഗിച്ചാണ് തങ്ങളുടെ ട്രാൻസ്ഫർ സംവിധാനത്തിൽ മാറ്റം വരുത്തുന്നതെന്നും ആരോപണമുണ്ട്. നിരവധി ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അധ്യാപകർക്ക് അനുകൂലമായ തീരുമാനം ഒരിടത്തു നിന്നും ഉണ്ടായിട്ടില്ല. അനർഹരായവർ ഇഷ്ടപ്രകാരം സ്ഥലം മാറ്റി സസുഖം ജീവിക്കുമ്പോൾ അല്ലാത്തവർ ഇങ്ങനെ ഓടിക്കൊണ്ടേയിരിക്കുന്നു. അതാണ് ഇപ്പോൾ ഹയർ സെക്കണ്ടറി മേഖലയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam