
മുംബൈ: മുംബൈ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗം മുൻ തലവൻ ഹിമാൻഷു റോയിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടിൽ വച്ച് സർവീസ് റിവോൾവർ ഉപയോഗിച്ച് തലയിൽ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അർബുദ രോഗബാധിതനായ അദ്ദേഹം കഴിഞ്ഞ ഒന്നര വർഷമായി അവധിയിലായിരുന്നു.
രോഗബാധയെത്തുടർന്ന് അദ്ദേഹം കടുത്ത മാനസികസംഘർഷത്തിലായിരുന്നുവെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. തീവ്രവാദ വിരുദ്ധ വിഭാഗം തലവൻ ആയിരുന്നതുകൊണ്ടുതന്നെ മരണം സംബന്ധിച്ച പ്രാധമിക നിഗമനങ്ങൾ മാത്രമാണ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്.
കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹിമാൻഷു റോയ്. മുംബൈ പൊലീസിലെ ഏറ്റവും സമർത്ഥരായ ഓഫീസർമാരിൽ ഒരാളായ അദ്ദേഹത്തിന് ഒട്ടേറെ പ്രമാദമായ കേസുകൾ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2013ലെ ഐപിഎൽ വാതുവയ്പ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണച്ചുമതല അദ്ദേഹത്തിനായിരുന്നു.
വിജയ് പലാൻഡേ, ലൈലാ ഖാൻ ഇരട്ടക്കൊലക്കേസ്, മാധ്യമപ്രവർത്തകൻ ജേ ഡേയുടെ വധക്കേസ് തുടങ്ങിയ കേസുകൾ തെളിയിച്ചത് ഹിമാൻഷു റോയ് ആണ്. മുംബൈ അധോലോകത്തെ കുടിപ്പകയുടേയും ഗാംഗ് വാറിന്‍റേയും ഭാഗമായ നിരവധി കൊലപാതക്കേസുകൾ അന്വേഷിച്ചതും തുമ്പുണ്ടാക്കിയതും അദ്ദേഹമാണ്. മുംബൈ പൊലീസിന്‍റെ നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാൻഷു റോയ് പങ്കെടുത്തിട്ടുണ്ട്. നിലവില്‍ മുംബൈ പൊലീസിലെ അഡീഷണല്‍ ഡിജിപിയാണ് അദ്ദേഹം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam