സംസ്ഥാനത്ത് കുഷ്ഠരോഗം പടരുന്നു; 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Jan 10, 2019, 8:53 AM IST
Highlights

സംസ്ഥാനത്ത് 140 പേര്‍ക്ക് കൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 14പേര്‍ കുട്ടികള്‍. രോഗം കണ്ടെത്തിയവരില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗം. സര്‍വേ 14 ജില്ലകളിലും നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച 273 രോഗികള്‍ക്ക് പുറമേയാണിത്. കുഷ്ഠരോഗം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്നാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. മൂന്നാഴ്ച കൊണ്ട് നടത്തിയ പരിശോധനയിലാണ് 140പേര്‍ക്കുകൂടി രോഗം കണ്ടെത്തിയത്.

ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. രോഗം കണ്ടെത്തിയ 14 കുട്ടികളില്‍ നാല് പേര്‍ക്കും പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ് കണ്ടെത്തിയത്. പുതിയതായി കണ്ടെത്തിയ രോഗികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാലക്കാടാണ്. ഇവിടെ 50പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് 25 ഉം തൃശൂരില്‍ 15 ഉം കണ്ണൂരില്‍ 14ഉം എറണാകുളത്തും തിരുവനന്തപുരത്തും10 പേര്‍ക്ക് വീതവും കോഴിക്കോട് ഏഴും കാസര്‍കോഡ് നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ എട്ട് ജില്ലകളിൽ മാത്രമാണ് വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇതിനായി സംസ്ഥാന ആരോഗ്യവകുപ്പ് സെന്‍ട്രല്‍ ലെപ്രസി ഡിവിഷനെ സമീപിച്ചിട്ടുണ്ട്.
 

click me!