സന്നിധാനത്ത് തലവേദനയായി പ്ലാസ്റ്റിക് മാലിന്യം; ഏറ്റെടുക്കാതെ കരാറുകാരൻ

By Web TeamFirst Published Jan 10, 2019, 7:33 AM IST
Highlights

പുണ്യം പൂങ്കാവനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും സന്നിധാനത്തിന് തലവേദനയാവുകയാണ് പ്ലാസ്റ്റിക് മാലിന്യം. തീർത്ഥാടകർ ഉപേക്ഷിക്കുന്ന കുടിവെള്ള ബോട്ടിലുകളും
പ്ലാസ്റ്റിക് ചാക്കുകളും പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.

സന്നിധാനം: പുണ്യം പൂങ്കാവനം പദ്ധതിയുമായി മുന്നോട്ടു പോകുമ്പോഴും സന്നിധാനത്തിന് തലവേദനയാവുകയാണ് പ്ലാസ്റ്റിക് മാലിന്യം. തീർത്ഥാടകർ ഉപേക്ഷിക്കുന്ന കുടിവെള്ള ബോട്ടിലുകളും
പ്ലാസ്റ്റിക് ചാക്കുകളും പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരൻ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല.

പൊലീസും ദേവസ്വം ജീവനക്കാരും വിശുദ്ധിസേനാ പ്രവർത്തകരും ആഞ്ഞുപിടിച്ചിട്ടും സന്നിധാനത്തിന് വെല്ലുവിളിയാവുകയാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ. കർശന നിരോധനമുള്ള മേഖലയിൽ തീ‍ർത്ഥാടകർ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതാണ് കുടിവെള്ള ബോട്ടിലുകൾ. 

മറുഭാഗത്ത് വെല്ലുവിളി ഉയർത്തുകയാണ് അരവണ നി‍ർമാണത്തിനുള്ള ശർക്കര എത്തിക്കുന്ന പ്ലാസ്റ്റിക് ചാക്കുകൾ. പ്ലാസ്റ്റിക്കായിതിനാൽ ഇത് കത്തിക്കാനാകില്ല. ശർക്കരയുടെ അംശമുള്ള ചാക്ക് ആനകള്‍ തിന്നാനിടയുള്ളതിനാല്‍ കാട്ടിലുപേക്ഷിക്കാനുമാകില്ല. ദേവസ്വം ബോ‍‍ർഡിനും ഹോട്ടലുകൾക്കും ആവശ്യമായ അരിയും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതും പ്ലാസ്റ്റിക് ചാക്കുകളിലാണ്. 

ഇവയെല്ലാം നീക്കം ചെയ്യാൻ കരാർ നൽകിയിട്ടുണ്ടെങ്കിലും സീസൺ കഴിയട്ടെ എന്ന നിലപാടിലാണ് കരാറുകാരൻ. മാലിന്യ സംസ്കരണത്തിനായി മൂന്ന് ഇൻസിനേറ്ററുകളാണ് ശബരിമലയിലുള്ളത്. ദിവസം ഇവിടെ എത്തുന്ന 40 ലോഡ് മാലിന്യം പോലും സംസ്കരിക്കാൻ കഴിയാത്തപ്പോഴാണ് തീർത്ഥാടകരുപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന പ്രതിസന്ധി. 

click me!