നോട്ട് നിരോധനം പ്രധാന ചർച്ചയാക്കി ഗുജറാത്തില്‍ രാഹുല്‍ പ്രചാരണം തുടങ്ങി

By Web DeskFirst Published Nov 1, 2017, 3:25 PM IST
Highlights

അഹമ്മദാബാദ്: കള്ളപ്പണക്കാരെ പിടിച്ചുകെട്ടുമെന്ന് വാഗ്ദാനം ചെയ്ത നരേന്ദ്ര മോദി മൂന്ന് വ‍ർഷം അധികാരത്തിലിരുന്നിട്ട് ഒരാളെയങ്കിലും പിടികൂടിയോ എന്ന് പരിഹസിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ  നോട്ട് നിരോധനവും ജിഎസ്‌ടിയും പ്രധാന ആയുധമാക്കി  രാഹുലിന്റെ റാലി പുരോഗമിക്കുകയാണ്. അതേസമയം, ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്ന് കൊല്ലം ഭരിച്ചിട്ട് എത്ര കള്ളപ്പണക്കാരെ ജയിൽ ഇട്ടുവെന്ന് മോദി വ്യക്തമാക്കണം. വിജയ് മല്യ അടക്കം പുറത്ത് വിലസുകയാണ്.

ദക്ഷിണ ഗുജറാത്തിലെ ബറൂച്ച് സൂറത്ത് വാപി ജില്ലകളിലാണ് രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ പര്യടനം. കനത്ത വെയിലിനെ വകവെക്കാതാതെ രാവിലെമുതൽ ആളുകൾ ആദ്യ സമ്മേളന വേദിയായ ബറൂച്ചിലെ ജംബൂസറിലേക്ക് എത്തിത്തുടങ്ങി. പതിനൊന്നരയോടെ രാഹുലിന്റെ വാഹനവ്യൂഹം എത്തുമ്പോഴേക്കും സദസ് ഇളകി മറിഞ്ഞു. കള്ളപ്പണക്കാരെപിടിക്കുമെന്ന് പറഞ്ഞ് നോട്ടുനിരോധനം നടത്തിയിട്ട് എത്രപേരെ പിടിച്ചെന്ന് രാഹുൽ ചോദിച്ചു.

മേക്ക് ഇൻ ഇന്ത്യയിൽ ചൈനയിലെ യുവാക്കൾക്കാണ് ജോലി കിട്ടുന്നതെന്ന് പരിഹസിച്ച രാഹുൽ ചരക്കുസേവന നികുതി പരമാവധി 18 ശതമാനമാക്കി കുറക്കണമെന്നും ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ സ്വന്തം തട്ടകമായ ബറൂച്ചിൽ 2012ൽ കോൺഗ്രസ് അഞ്ചിൽ അഞ്ചിടത്തും തോറ്റു. ദക്ഷിണ ഗുജറാത്തിലെ 35 സീറ്റിൽ 28 ഉം ബിജെപി 2012ൽ തൂത്തുവാരിയിരുന്നു. എന്നാൽ അതൊക്കെ പഴങ്കഥയാണെന്നാണ് കോൺഗ്രസ് പറയുന്നത്.

ഇന്ത്യയിലെ വസ്ത്ര വജ്രവ്യാപാര തലസ്ഥാനമായ സൂറത്തിൽ നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും ശേഷം പ്രതിഷേധം ശക്തമാണ്. ആദിവാസികളും, കർഷകരും ധാരാളമുള്ള ഈ മേഖലയിൽ ഭരണവിരുദ്ധവികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതേസമയം ഹാർദിക് പട്ടേലുമായും ജിഗ്നേഷ് മേവാനിയുമായും രാഹുൽഗാന്ധിക്ക് ഇതുവരെ ചർച്ച നടത്താൻ കഴിഞ്ഞിട്ടില്ല.

 

click me!