
ദില്ലി: രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രത്തലവന്റെ ശമ്പളം ക്യാബിനറ്റ് സെക്രട്ടറിക്കും താഴെ നില്‍ക്കുന്ന അവസ്ഥ മാറ്റാനാണ് ശമ്പളം മൂന്നിരിട്ടിയാക്കി മാറ്റാന്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തത്.
നിലവില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷവും ഉപരാഷ്ട്രപതിയുടേത് ഒന്നേകാല്‍ ലക്ഷവുമാണ്. സംസ്ഥാനങ്ങളുടെ ഔദ്യോഗിക തലവനായ ഗവര്‍ണര്‍മാര്‍ക്ക് പ്രതിമാസം 1.10 ലക്ഷമാണ് ശമ്പളമായി ലഭിക്കുന്നത്.
അതേസമയം കേന്ദ്രസര്‍ക്കാരിലെ ഉന്നതഉദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിക്ക് 2.50 ലക്ഷമാണ് പ്രതിമാസ ശമ്പളം, രാഷ്ട്രപതിയേക്കാള്‍ ഏതാണ്ട് ഇരട്ടിയോളം. 2.25 ലക്ഷം പ്രതിമാസശമ്പളം വാങ്ങുന്ന വകുപ്പ് സെക്രട്ടറിമാരും ശമ്പളകാര്യത്തില്‍ രാഷ്ട്രപതിയേക്കാള്‍ മുന്‍പിലാണ്. രാജ്യത്തിന്റെ സര്‍വസൈന്യാധിപനാണ് രാഷ്ട്രപതിയെന്നാണ് ഭരണഘടന പറയുന്നതെങ്കിലും കര-നാവിക-വ്യോമസേനാ മേധാവിമാര്‍ക്കെല്ലാം രാഷ്ട്രപതിയേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് ഏഴാം ശമ്പളകമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതോടെയാണ് രാഷ്ട്രപതിയുടെ ശമ്പളം ഉദ്യോഗസ്ഥരേക്കാളും വളരെ കുറഞ്ഞു പോയത്. രാഷ്ട്രത്തലവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്ന അവസ്ഥ പരിഹരിക്കാന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചു കൊണ്ടുള്ള ശുപാര്‍ശ കേന്ദ്ര അഭ്യന്തരമന്ത്രാലയം ഒരു വര്‍ഷം മുന്‍പേ ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് കൈമാറിയിരുന്നുവെങ്കിലും ഈ ശുപാര്‍ശയില്‍ ഇതുവരേയും കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിട്ടില്ല.
ലഭ്യമായ വിവരങ്ങളനുസരിച്ച് രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷമായും ഉപരാഷ്ട്രപതിയുടെ ശമ്പളം 3.50 ലക്ഷമായും ഗവര്‍ണറുടെ ശമ്പളം 3 ലക്ഷമായും ഉയര്‍ത്തണമെന്ന ശുപാര്‍ശയാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുള്ളത്. കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ ഈ ശുപാര്‍ശ കേന്ദ്രമന്ത്രിസഭായോഗം അംഗീകാരിച്ചാല്‍ പിന്നെ ഇതുസംബന്ധിച്ച് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയും ചെയ്യേണ്ടതുണ്ട്.
ശമ്പളവര്‍ധനവിനൊപ്പം രാഷ്ട്രപതി-ഉപരാഷ്ട്രപതി-ഗവര്‍ണര്‍ സ്ഥാനം വഹിച്ചവര്‍ക്കും ഇതേ സ്ഥാനം വഹിച്ച് അന്തരിച്ചവരുടെ ജീവിതപങ്കാളികള്‍ക്ക് നല്‍കുന്ന പെന്‍ഷനിലും വര്‍ധന വേണമെന്നാണ് കേന്ദ്രഅഭ്യന്തരമന്ത്രാലയം നല്‍കിയ ശുപാര്‍ശയില്‍ പറയുന്നത്. 2008-ലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി,ഗവര്‍ണമാര്‍ എന്നിവരുടെ ശമ്പളത്തില്‍ അവസാനമായി വര്‍ധനവ് വരുത്തിയത്. അതുവരെ രാഷ്ട്രപതിയുടെ ശമ്പളം അരലക്ഷവും ഉപരാഷ്ട്രപതിയുടേയത് 40,000-വും, ഗവര്‍ണര്‍മാരുടേത് 36,000-വുമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam