ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മന്ത്രിക്ക് സംസാരിക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നേതാക്കൾ അറിയിച്ചു.
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കൾ അറിയിക്കുന്നത്.കഴുത്തിന് ഗുരുതര പരിക്കുണ്ട്. എക്സറേ ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ആശുപത്രി അധികൃതര്‍ തീരുമാനിക്കുമെന്നും ജില്ലാ സിപിഎം നേതാക്കൾ അറിയിക്കുന്നു. മുഖ്യമന്ത്രി എത്തിയിട്ട് പോലും തല ഉയര്‍ത്തി നോക്കാൻ പറ്റാത്ത അവസ്ഥയിലാണ് മന്ത്രി. ഇരു സൈഡിലേക്കും കഴുത്ത് ചലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. മറ്റ് പരിശോധനകൾക്ക് ശേഷം ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതര്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. മന്ത്രിക്ക് പിന്നാലെ സ്പീക്കര്‍ എൻ എം ഷംസീറും കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എംവി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിഷേധം
കണ്ണൂർ: ആരോഗ്യമന്ത്രി വീണ ജോർജിന് നേരെയുണ്ടായ ശാരീരിക അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ഇത് ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ മനഃപൂർവ്വം കലാപം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ കെണിയിൽ എൽഡിഎഫ് പ്രവർത്തകർ വീഴരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രിയെ ശാരീരികമായി ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാർ ഇന്നലെ പൊട്ടിമുളച്ചവരല്ല. അവർ നാടിന്റെ പിന്തുണയോടെയും സ്നേഹത്തിലൂടെയും വളർന്നു വന്നവരാണ്. അവരെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ നാട്ടിലുണ്ട്. മന്ത്രിയെ സ്നേഹിക്കുന്നവർ സ്വാഭാവികമായും ഇത്തരം അക്രമങ്ങളിൽ പ്രകോപിതരാകും. അവർ ഇടപെട്ടാൽ വലിയ സംഘർഷങ്ങളുണ്ടാകും. ഇത്തരം പ്രശ്നങ്ങളാണ് ആ ക്രിമിനലുകൾ ആഗ്രഹിക്കുന്നത്. അവർ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ല. നാട് സംഘർഷത്തിന്റേതാകരുത് എന്ന നിർബന്ധം എൽഡിഎഫ് പ്രവർത്തകർക്കുണ്ടാകണം. ഗുണ്ടകളുടെ കെണിയിൽ പെടരുത്. പകരം, ഈ അക്രമത്തിന്റെ വസ്തുതകൾ ജനങ്ങളിൽ എത്തുംവിധമുള്ള സമാധാനപരമായ പ്രതിഷേധങ്ങളാണ് ഉണ്ടാകേണ്ടത്.


