പുറ്റിങ്ങല്‍ അപകടം; പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി

By Web DeskFirst Published Jan 19, 2017, 1:15 PM IST
Highlights

തിരുവനന്തപുരം:പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിൽ പൊലീസിന്റെ വീഴ്ചയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ. പൊലീസിന്റെ ഭാഗത്തുണ്ടായ ഒമ്പത് പിഴവുകൾ ചൂണ്ടികാട്ടി ഡിജിപി ലോക്നാഥ് ബെഹ്റക്ക് ആഭ്യന്തരസെക്രട്ടറി കത്തു നൽകി. അന്വേഷണം അന്തിമഘട്ടത്തിൽ എത്തി നിൽക്കേയാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടൽ.

പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിൽ ജില്ലാ ഭരണകൂടത്തെ ന്യായീകരിച്ച ആഭ്യന്തര സെക്രട്ടറി പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് തുടക്കം മുതൽ ചൂണ്ടികാട്ടിയിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട ആഭ്യന്തര സെക്രട്ടറിക്കെതിരെ മുൻ ഡിജിപി സെൻകുമാർ രംഗത്ത് വന്നത് ശീതയുദ്ധം രൂക്ഷമാക്കി. പൊലീസുകാരെ പ്രതിചേർക്കുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കുണ്ട്. ഉദ്യോഗസ്ഥരെ പ്രതിചേർക്കേണ്ടതില്ല, വകുപ്പുതല നടപടിമതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

ഇതേകുറിച്ചുള്ള മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നളിനി നെറ്റോയുടെ കത്ത്. പുറ്റിങ്ങൽ അപകടം പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യരുടെ ഭാഗത്തുണ്ടായ പിഴവാണെന്നും കത്തിൽ ആഭ്യന്തര സെക്രട്ടറി ചൂണ്ടികാട്ടുന്നു. പൊലീസിനുണ്ടായ ഒമ്പത് വീഴചകളാണ് കത്തിലുള്ളത്. ക്രൈം ബ്രാഞ്ച് നിയോഗിച്ചിട്ടുള്ള സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറോട് ഇക്കാര്യത്തിൽ ഉപദേശം വാങ്ങിയശേഷം സമഗ്രമായ അന്വേഷണം വേണമെന്ന് നളിനി നെറ്റോ കത്തിൽ ഡിജിപിയോട് ആവശ്യപ്പെടുന്നുണ്ട്.

ഇതോടെ പുറ്റിങ്ങല്‍ കേസിൽ പൊലീസും ആഭ്യന്തര സെക്രട്ടറിയും തമ്മിൽലുള്ള തർക്കം വീണ്ടും രൂക്ഷമാകുകയാണ്. പൊലീസ് മേധാവി സ്ഥാനത്തുനിന്നും സെൻകുമാറിനെ മാറ്റാനായി പുറ്റിങ്ങല്‍ ഫയലിൽ നളിനി നെറ്റോ തിരുത്തലുകള്‍ വരുത്തിയെന്ന ഹർജി കോടതിയിലെത്തിപ്പോഴാണ് കത്തു നൽകിയെന്ന വാ‍ർത്തയും പുറത്താകുന്നത്. 108 പേരുടെ മരണത്തിനിടാക്കിയ വെടിക്കെട്ട് അപകടത്തിൽ അന്വേഷണം പൂർത്തിയാകുന്നിന് മുമ്പാണ് ആഭ്യന്തര സെക്രട്ടറിയുടെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്.

click me!