50 സൈനികരെ ഹണിട്രാപ്പില്‍ കുടുക്കി അനിക ചോപ്ര; അവര്‍ ആരെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് പൊലീസ്

By Web TeamFirst Published Jan 13, 2019, 7:08 PM IST
Highlights

രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിങ് എന്ന സൈനികനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ യുവതിയുമായി പങ്കുവച്ചിരുന്നു

ദില്ലി: അമ്പത് സൈനികരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി പാകിസ്ഥാന്‍റെ സൈബര്‍ ഹണിട്രാപ്പ്. അനിക ചോപ്ര എന്ന ഫേസ്ബുക്ക് അക്കൗണ്ടു വഴി നടത്തിയ തേന്‍ കെണിയില്‍ വീണുപോയത് ഒട്ടേറെ സൈനികരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  മിലിറ്ററി നഴ്സിങ് കോര്‍‌പ്സിന്‍റെ സൈനിക ക്യാപ്റ്റന്‍ ആണ് അനിക ചോപ്ര എന്ന് ഫേസ്ബുക്കില്‍ പറയുന്നു. പച്ച സാരിയുടുത്ത് ചിരിച്ചുനില്‍ക്കുന്നതാണ് യുവതിയുടെ ഫോട്ടോ. എന്നാല്‍ വിശദമായി അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു യുവതി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നില്ലെന്ന് വ്യക്തമായി.

.പാകിസ്താന്  ചാരസംഘടനയായ ഐഎസ് ഐ ഒരുക്കിയ പെണ്‍കെണി ആയിരുന്നു അത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഈ പ്രോഫൈലിന് വിവരങ്ങള്‍ കൈമാറിയ കുറ്റത്തിന് ഒരു സൈനികനെ രാജസ്ഥാന് പൊലീസ് അറസ്റ്റ് ചെയ്തു. 50 സൈനികര്‍ നിരീക്ഷണത്തിലാണ്. സൈന്യത്തിന്‍റെ ചില തന്ത്രപ്രധാന വിവരങ്ങള്‍ ഫേസ്ബുക്ക് ചാറ്റ് വഴി  അനിക ചോപ്ര ചോര്‍ത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ സൈനിക യൂണിറ്റില്‍ വിന്യസിച്ച സോംവീര്‍ സിങ് എന്ന സൈനികനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ യുവതിയുമായി പങ്കുവച്ചിരുന്നു. സൈന്യത്തെ വിന്യസിക്കുന്ന സ്ഥലത്തിന്റെ പേരും വരാനിരിക്കുന്ന സൈനിക പദ്ധതികളും ഇയാള്‍ ചാറ്റില്‍ പറഞ്ഞുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സൈനിക രഹസ്യാന്വേഷണ വിഭാഗത്തിനും രാജസ്ഥാന്‍ ഭീകരവിരുദ്ധ വിഭാഗത്തിനും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്നാണ് സൈനികനെ കസ്റ്റഡിയിലെടുത്തത്. 

അനിക ചോപ്ര പാക് രഹസ്യന്വേഷണ ഏജന്‍സി ഉണ്ടാക്കിയ വ്യാജ ഐഡിയാണ് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. സൈനിക രഹസ്യങ്ങള്‍ അറിയുക എന്ന ലക്ഷ്യത്തോടെ സൈനികരെ ചാറ്റിലൂടെ ഇവര്‍ വരുതിയിലാക്കി. ഇപ്പോള്‍ അറസ്റ്റിലായ  സോംവീര്‍ സിങ് വിവാഹിതനാണ്. ഇവരുമായി ചാറ്റ് ചെയ്ത സൈനികര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സോംവീര്‍ സിങിനെ രഹസ്യാന്വേഷണ വിഭാഗം ഏറെ നാളായി നിരീക്ഷിക്കുന്നു. എന്നാല്‍ ചാരയുവതിയാണെന്ന് താന്‍ അറിഞ്ഞില്ലെന്നാണ് സോംവീര്‍ സിങ് പറയുന്നത്. സര്‍വീസില്‍ കയറിയതിന് തൊട്ടുപിന്നാലെ 2016ലാണ് സോംവീര്‍ സിങ് അനിക ചോപ്രയുമായി ഫേസ്ബുക്കില്‍ ബന്ധം തുടങ്ങുന്നത്. 

വനിതാ ഓഫീസര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോള്‍ സോംവീര്‍ സിങ് സ്വീകരിക്കുകയായിരുന്നു. ആ ബന്ധം വേഗം വളര്‍ന്നു. ഭാര്യയെ വിവാഹ മോചനം നടത്തി അനിക ചോപ്രയെ വിവാഹം ചെയ്യാനും ഇയാള്‍ ആലോചിച്ചിരുന്നു. എന്നാല്‍ സോംവീറിന്റെ ഏറെ നേരമുള്ള ഫോണ്‍വിളികളും മറ്റും സൈന്യം നിരീക്ഷിക്കാന്‍ തുടങ്ങി. അഞ്ചുമാസമായി നിരീക്ഷണത്തിലായിരുന്നു. ഫേസ്ബുക്ക് ചാറ്റ് പരിശോധിച്ചു. 

ക്യാപ്റ്റന്‍ അനിക ചോപ്രയുമായി സൈനികന്‍ ഏറെ നേരം ചാറ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അങ്ങനെ ഒരു വനിതാ ക്യാപ്റ്റന്‍ ഇല്ലെന്ന് അന്വേണത്തില്‍ തെളിഞ്ഞു. ഫേസ്ബുക്ക് നിയന്ത്രിക്കുന്നത് പാകിസ്താനില്‍ നിന്നാണെന്ന് വ്യക്തമായി. എവിടെയാണ് വിന്യസിച്ചിരിക്കുന്നത്. ടാങ്കിന്റെ ചിത്രങ്ങള്‍ വേണം. പരിശീലനം നടക്കുന്നത് എവിടെ തുടങ്ങിയ ചോദ്യങ്ങളും അനികയുടെ ചാറ്റില്‍ കണ്ടു. 

വിവരങ്ങള്‍ ലഭിച്ചതോടെ യുവതി ഭീഷണിപ്പെടുത്തി കൂടുതല്‍ കാര്യങ്ങള്‍ തിരക്കി. വിവരങ്ങള്‍ നല്‍കിയതിന് സോംവീര്‍ സിങിന് പണം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. 

click me!