കെട്ടിലമ്മമാർക്ക് ഒരു തന്‍റേടിയായി വളരട്ടെ അവൾ; ഒരു അച്ഛന്‍റെ കുറിപ്പ്

Published : Feb 01, 2019, 08:54 AM IST
കെട്ടിലമ്മമാർക്ക് ഒരു തന്‍റേടിയായി വളരട്ടെ അവൾ; ഒരു അച്ഛന്‍റെ കുറിപ്പ്

Synopsis

തങ്ങള്‍ക്കു പിറന്ന പെണ്‍കുഞ്ഞിനെ മതമില്ലാത്ത മകളായി സര്‍വസ്വാതന്ത്ര്യത്തോടെയും വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു

കണ്ണൂര്‍: ഭൂമിയിലേക്ക് ജനിച്ച് വീഴുന്ന കുഞ്ഞിന്‍റെ മുകളില്‍ മതത്തിന്‍റെ ആചാരത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ അവര്‍ അറിയാതെ തന്നെ പിടിമുറുക്കാറുണ്ട്. ഇത്തരം സാമൂഹ്യവ്യവസ്ഥയില്‍ വേറിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തങ്ങള്‍ക്കു പിറന്ന പെണ്‍കുഞ്ഞിനെ മതമില്ലാത്ത മകളായി സര്‍വസ്വാതന്ത്ര്യത്തോടെയും വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ആർത്തവം അശുദ്ധിയെന്നും ഞങ്ങൾ അടിമകളാണെന്നും സ്വയം വിശ്വസിക്കുന്ന കെട്ടിലമ്മമാർക്ക് ഇടയിൽ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് വളരട്ടെ അവൾ എന്നാണ് ജിജോ തില്ലങ്കേരിയുടെ പോസ്റ്റ് പറയുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നിനച്ചിരുന്നത് പോലെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു..
നസ്രാണി കുടുംബത്തിൽ ജനിച്ച അമ്മക്കും ഹിന്ദു കുടുംബത്തിൽ പിറന്ന അച്ഛനും പിറന്നവൾക്ക് ബർത്ത്സർട്ടിഫിക്കറ്റു മുതലുള്ള ഒരു രേഖകളിലും
ജാതിയും മതവും രേഖപ്പെടുത്തുന്നില്ല ഞങ്ങൾ.

മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സ്ത്രീസമത്വത്തിനും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ നിരർത്ഥകമായ സ്ത്രീവിരുദ്ധ മതാചാരങ്ങളുടെ വിലക്കില്ലാതെ യുക്തിയിലൂടെ സ്വതന്ത്രമായ് ലോകത്തെ ശ്രവിക്കുകയും വീക്ഷിക്കുകയും ചെയ്യട്ടെ അവൾ.

ആർത്തവം അശുദ്ധിയെന്നും ഞങ്ങൾ അടിമകളാണെന്നും സ്വയം വിശ്വസിക്കുന്ന കെട്ടിലമ്മമാർക്ക് ഇടയിൽ സ്ത്രീത്വമെന്നത് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തന്റേടിയായ് വളരട്ടെ അവൾ..

മാമുണ്ണാൻ കൂട്ടാക്കാതെ വാശി പിഠിക്കുമ്പോ അവളെ വശത്താക്കാൻ വെണ്ണ കട്ട കണ്ണന്റെയോ,പുൽക്കൂടിൽ പെറ്റ ഉണ്ണിയേശുവിന്റെ കഥയോ പറഞ്ഞ് കൊടുക്കുന്നതിന് പകരം മുലക്കരം ചോദിച്ച തമ്പ്രാന് നേരെ മുലയറുത്തെറിഞ്ഞ നങ്ങേലിയുടെ കഥ പറഞ്ഞ് കൊടുക്കും ഞങ്ങൾ.

ഒന്ന് ഉറക്കെ ചിരിച്ചാൽ,ഒന്ന് കാലകത്തി ഇരുന്നാൽ, ഒന്ന് തുള്ളി ചാടി നടന്നാൽ പെൺകുട്ടികളുടെ അലിഖിത ഭരണഘടന പഠിപ്പിച്ച് കൊടുക്കുന്ന കാരണവന്മാരെ ധിക്കരിച്ച് കുഞ്ഞുന്നാളിലേ ഫെമിനിച്ചി പട്ടം വാങ്ങികൊടുക്കണം അവൾക്ക്.

തില്ലങ്കേരി രക്തസാക്ഷികളുടെ വീര കഥകൾ താരാട്ടായ് പാടിഉറക്കി തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായ് വളർന്ന് വരട്ടെ അവൾ.

ഒരു ശനിയും ശുക്രനും അവളുടെ കല്ല്യാണം മുടക്കരുത്,
ഒരു മതങ്ങളും അവളുടെ പ്രണയത്തിന് വിലങ്ങ് തടിയാവരുത്,
ഒരു ആഭരണങ്ങളിലും അവൾ ഭ്രമിക്കരുത്,
എതിർ ലിംഗത്തിന്റെ കൂടെ ഒരുമിച്ച് ഇരുന്നതിന്, നടന്നതിന്,ഉണ്ടതിന്,കിടന്നതിന് അവളെ സധാചാരം പഠിപ്പിക്കാൻ ഒരു ആങ്ങളമാരും ധൈര്യം കാണിക്കരുത്,

കുട്ടി പെണ്ണാണെന്ന് പറയുമ്പോൾ ചുളിയുന്ന നെറ്റിതടങ്ങൾ വിദൂരഭാവിയിലെങ്കിലും നാമാവശേഷമാവാൻ ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ..?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി