
ഇന്ത്യാന: പുറം രാജ്യങ്ങളില്‍ പലയിടങ്ങളിലും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ തന്നെ എമര്‍ജന്‍സി സഹായ ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ആരും സഹായത്തിനില്ലാതെ എന്തെങ്കിലും തരത്തിലുള്ള അപകടത്തിലോ പ്രതിസന്ധിയിലോ ഒക്കെ പെട്ടാലും ഇവരുടെ നമ്പറിലേക്ക് വിളിച്ചുപറഞ്ഞാല്‍ മതി. ഉടന്‍ ആവശ്യമായ സഹായമെത്തിക്കും. പ്രത്യേകിച്ച് അമേരിക്ക പോലുള്ള സ്ഥലങ്ങളില്‍ ഈ സേവനം ഇരുപത്തിനാല് മണിക്കൂറും സുലഭമാണ്.
അങ്ങനെയൊരു എമര്‍ജന്‍സി സഹായ ഡെസ്‌കിലേക്ക് വന്ന അഞ്ചാംക്ലാസുകാരന്റെ ഫോണ്‍ കോളാണ് ഇപ്പോള്‍ ഇന്ത്യാനയിലെ ചര്‍ച്ചാവിഷയം. ഏതാണ്ട് ഒന്നര ആഴ്ച മുമ്പാണ് സംഭവം നടക്കുന്നത്. അടിയന്തരസഹായത്തിനായി വരുന്ന വിളി കാത്ത് അന്റോണിയ ബോണ്ടി എന്ന ഉദ്യോഗസ്ഥയിരിക്കുന്നു. വൈകീട്ട് മൂന്നര മണി സമയം. സാധാരണഗതിയില്‍ ഡെസ്‌കില്‍ മറ്റ് തിരക്കുകളൊന്നും ഉണ്ടാകാത്ത സമയം.
പെട്ടെന്ന് ഒരു ഫോണ്‍ കോള്‍ വന്നു. മറുതലയ്ക്കല്‍ ഒരു ചെറിയ ആണ്‍കുട്ടിയുടെ ശബ്ദം. തന്നെ കേള്‍ക്കുന്നുണ്ടോയെന്ന ചോദ്യവും. ചെറിയ കുട്ടിയുടെ ശബ്ദം കേട്ടയുടന്‍ തന്നെ ബോണ്ടിയുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. എപ്പോഴും എന്തും തരണം ചെയ്യാനും, അഭിമുഖീകരിക്കാനും പ്രാപ്തരായിരിക്കും ഇത്തരം ഹെല്‍പ് ഡെസ്‌ക്കിലെ ഉദ്യോഗസ്ഥര്‍. കാരണം എന്ത് ബോംബുമായാണ് അടുത്ത ഒരു ഫോണ്‍ കോള്‍ വരുന്നതെന്ന് അറിയില്ലല്ലോ!
എങ്കിലും കുട്ടിയുടെ ശബ്ദം കേട്ടപ്പോള്‍ ബോണ്ടി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കേള്‍ക്കാം, പറഞ്ഞോളൂവെന്ന് ആത്മവിശ്വാസം വീണ്ടെടുത്ത് പറഞ്ഞു. മടിച്ചുമടിച്ച് അവന്‍ കാര്യം പറഞ്ഞു.
സ്‌കൂളില്‍ അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. ഒരു ടണ്‍ ഹോംവര്‍ക്ക് ചെയ്യാനുണ്ട്. കണക്കാണെങ്കില്‍ ഒന്നും അറിയില്ല. ഇപ്പോള്‍ കണക്കിന്റെ ഹോംവര്‍ക്കാണ് ചെയ്യുന്നത്. എങ്ങനെ ചെയ്തിട്ടും ശരിയാകുന്നില്ല. സഹായിച്ചേ പറ്റൂ...
കുട്ടിയുടെ ആവശ്യം കേട്ട ബോണ്ടി ആദ്യമൊന്ന് അമ്പരന്നു. പിന്നെ നീണ്ട ശ്വാസമെടുത്ത് ഒന്ന് സമാധാനപ്പെട്ടു. പേടിച്ചത് പോലെയൊന്നും ഉണ്ടായില്ലല്ലോയെന്ന് ആശ്വസിച്ചു. ഡെസ്‌ക്കില്‍ തിരക്ക് കുറവായതിനാല്‍ തന്നെ കുട്ടിയെ സഹായിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അങ്ങനെ ഉത്തരം കിട്ടാതിരുന്ന കണക്കില്‍ ബോണ്ടി അവനെ സഹായിച്ചു. തന്നെ സഹായിച്ച ഉദ്യോഗസ്ഥയോട് അവന്‍ മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. എന്നാല്‍ ഇനിയും ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളെയോ ടീച്ചറെയോ സമീപിക്കണമെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്ക് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അവന്‍ ഓടി.
രസകരമായ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംഭവം വൈറലായതോടെ ബോണ്ടിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. അവരുടെ സ്ഥാനത്ത് മറ്റേത് ഉദ്യോഗസ്ഥരാണെങ്കിലും കുട്ടിയെ വഴക്ക് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയേ ഉള്ളൂവെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ തനിക്ക് കണക്ക് ഏറെ ഇഷ്ടമാണെന്നും കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യം കേട്ടപ്പോള്‍ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബോണ്ടി പ്രതികരിച്ചു.
സംഭാഷണം കേൾക്കാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam