
തിരുവനന്തപുരം: ഹോർട്ടിവൈൻ വിൽപ്പനക്കുള്ള ലൈസൻസ് തല്ക്കാലത്തേക്ക് മരവിപ്പിച്ചു. തൃശൂർ പൂവത്തുശേരിയിലെ ബേക്കറിക്ക് നൽകിയ ലൈസൻസാണ് മരവിപ്പിച്ചത്. മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഇതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ബേക്കറികളിലും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർട്ടി വൈൻ വിൽപ്പന നടക്കുന്നില്ലെന്ന് എക്സൈസ് കമ്മീഷണർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. പുതിയ സർക്കാർ മദ്യനയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ നടന്ന് വരുകയാണ്. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ബേക്കറികളും ഹോട്ടി വൈൻ വിൽക്കുന്നതിന് അനുമതി നൽകി ചട്ടം ഭേദഗതി നിലനിർത്തണോ വേണ്ടയോ എന്ന് പുതിയ മദ്യനയത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. അതുവരെ പഴയ ഉത്തരവ് മരവിപ്പിക്കാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടേയോ എക്സൈസ് മന്ത്രിയുടേയോ അനുമതിയില്ലാതെ ലൈസൻസ് നൽകിയാണ് വിവാദമായത്. ലൈസൻസ് നൽകിയെന്ന് വിവരം അറിഞ്ഞയുടൻ ഞായറാഴ്ച ആയിട്ടും ഉദ്യോഗസ്ഥരോട് നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു.കഴിഞ്ഞ സർക്കാരുണ്ടാക്കിയ ചട്ടത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനമെടുത്ത എക്സൈസ് ഉദ്യോഗസ്ഥനെ ഞായറാഴ്ച ആയിട്ടും തൽസ്ഥാനത്ത് നിന്ന് മാറ്റി. പിന്നാലെ ലൈസൻസും മരവിപ്പിച്ചു. അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കിയത്. വി സുഭാഷിനെ പകരം നിയമിച്ചു. അനിൽ കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam