തൃശ്ശൂരില്‍ മുന്നറിയിപ്പില്ലാതെ ആശുപത്രി അടച്ചുപൂട്ടി; അറിയിപ്പ് വന്നത് രാവിലെ എസ്എംഎസില്‍

By Web DeskFirst Published Nov 24, 2017, 4:33 PM IST
Highlights

തൃശൂര്‍: നൂറിലേറെ നഴ്സുമാരും ഇതര ജീവനക്കാരുമുള്ള ആശുപത്രി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ചാലക്കുടിയിലെ സിസിഎംകെ ആശുപത്രിയാണ് നവംബര്‍ 15ന് പുലര്‍ച്ചെ അടച്ചുപൂട്ടിയത്. സാധാരണ രീതിയില്‍ ജോലിക്കെത്തിയ നഴ്സുമാരെയും ഇതര ജീവനക്കാരെയും സര്‍ജറി കഴിഞ്ഞു കിടന്ന രോഗികളെ പോലും അറിയിക്കാതെയാണ് അടച്ചുപൂട്ടല്‍ തീരുമാനമുണ്ടായത്.

കിടപ്പുരോഗികളെ തലേന്നും മറ്റുമായി നിര്‍ബന്ധിച്ച് മറ്റു ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടായിരുന്നു ആസൂത്രിത നീക്കം.
അന്ന് രാവിലെ മൊബൈലില്‍ എസ്എംഎസ് ആയാണ് ജീവനക്കാരെ തീരുമാനമറിയിച്ചത്. മെസേജ് ശ്രദ്ധയില്‍പ്പെടാതെ രാവിലെ ആശുപത്രിയില്‍ എത്തിയതോടെയാണ് ജീവനക്കാര്‍ വിവരമറിയുന്നത്. ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പഞ്ചിങ് മെഷിനും ഓഫീസ് മുറിയിലെ ഹാജര്‍ രജിസ്റ്ററും നീക്കം ചെയ്ത നിലയിലായിരുന്നു.

സ്ഥലം എംഎല്‍എ ബിഡി ദേവസിയും നഗരസഭാ അധികാരികളും നഴ്സിങ് സംഘടനയായ യുഎന്‍എയുടെ നേതാക്കളും ചാലക്കുടിയിലെ വിവിധ കക്ഷിനേതാക്കളും സ്ഥലത്തെത്തി മാനേജ്മെന്റുമായി സംസാരിച്ചു. 19ന് നഗരസഭയില്‍ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്താന്‍ ധാരണയിലെത്തി. എന്നാല്‍, ആ ദിവസത്തെ ചര്‍ച്ചയില്‍ മാനേജ്മെന്റ് പങ്കെടുത്തില്ല. 

ഉടമയുടെ ബന്ധു അവിടെയെത്തി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് രേഖാമൂലം അറിയിച്ച് മടങ്ങുകയാണുണ്ടായത്. അതേസമയം, ആശുപത്രി അടച്ചിട്ട ദിവസം മുതല്‍ ഇതുവരെ നഴ്സുമാര്‍ ഉള്‍പ്പടെ ജീവനക്കാര്‍ പതിവുള്ള ഡ്യൂട്ടി ഷിഫ്റ്റ് അനുസരിച്ച് എത്തുന്നുണ്ട്.
ചെറിയ ആശുപത്രിയെന്ന നിലയില്‍ ഇതുവരെ സമരം നടത്തുകയോ സേവന-വേതന ആവശ്യമുന്നയിച്ച് നോട്ടീസ് നല്‍കുയോ ഉണ്ടായിട്ടില്ലെന്ന് യുഎന്‍എ തൃശൂര്‍ ജില്ലാ സെക്രട്ടറി സുധീപ് ദിലീപ് പറഞ്ഞു.

മുന്നറിയിപ്പില്ലാതെയും തൊഴില്‍ സുരക്ഷയെ ബാധിക്കും വിധവും ഉണ്ടായ നടപടി തൊഴില്‍ നിയമലംഘനമാണ്. ജനപ്രതിനിധിസഭ വിളിച്ച ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും നീതികേടായാണ് കാണാനാകൂ. ചര്‍ച്ച ചെയ്ത് ആശുപത്രി തുറക്കണമെന്നാണ് യുഎന്‍എ ആഗ്രഹിക്കുന്നത്. എന്നാല്‍, തൊഴിലാളി ദ്രോഹ നടപടിയുമായി മുന്നോട്ട് പോകാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് വഴിയൊരുങ്ങുമെന്ന് യുഎന്‍എ നേതാവ് മുന്നറിയിപ്പ് നല്‍കി. യുഡിഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റിയും എഐടിയുസിയും എഐവൈഎഫ്, ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് യുവജന പ്രസ്ഥാനങ്ങളും മഹിളാ കോണ്‍ഗ്രസും ബിജെപിയും യുഎന്‍എ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ആശുപത്രിയിലെത്തുന്നുണ്ട്.

click me!