ഊബർ ഈറ്റ്സ് ജീവനക്കാരനെ തല്ലിച്ചതച്ച ഹോട്ടലിൽ റെയ്ഡ്: പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

By Web TeamFirst Published Sep 25, 2018, 1:20 PM IST
Highlights

രാവിലെ ഒൻപത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവർത്തകർ താള്‍ ഫാമിലി റസ്റ്റോറന്റില്‍  റെയ്ഡിനെത്തിയത്. പാൽ, അരി, ഇറച്ചി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ഇവർ പിടിച്ചെടുത്തിരുന്നു. ന​ഗരസഭാ കാര്യാലയത്തിന് മുന്നിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. 

കൊച്ചി: ഊബർ ഈറ്റ്സ് ഡെലിവറി ബോയിയെ ക്രൂരമായ തല്ലിച്ചതച്ച കൊച്ചി ഇടപ്പള്ളിയിലെ താള്‍ ഹോട്ടലിൽ റെയ്ഡ്. പഴകിയ ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും കൊച്ചി ന​ഗരസഭാ കാര്യാലയം പിടിച്ചെടുത്തു. ഇന്നലെയാണ് കൊച്ചി ഇടപ്പള്ളി മരോട്ടിച്ചോടിന് സമീപം പ്രവർത്തിക്കുന്ന താള്‍ ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേർന്ന് ഊബർ ഈറ്റ്സ് ഡെലിവറി ബോയ് ആയ ജവഹര്‍ കാരാടിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രണ്ട് മണിക്ക് നടന്ന സംഭവത്തിൽ സോഷ്യൽ മീഡിയ വളരെ പ്രതിഷേധത്തോടെയാണ് പ്രതികരിച്ചത്. ഹോട്ടലിന്റെ റേറ്റിം​ഗ് കുറച്ചു കൊണ്ടായിരുന്നു മിക്കവരും പ്രതിഷേധം രേഖപ്പെടുത്തിയത്. 

രാവിലെ ഒൻപത് മണിയോടെയാണ് ഫുഡ് ആന്റ് സേഫ്റ്റി പ്രവർത്തകർ ഇവിടെ റെയ്ഡിനെത്തിയത്. പാൽ, ബിരിയാണി  അരി, ഇറച്ചി എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ ഇവർ പിടിച്ചെടുത്തിരുന്നു. ന​ഗരസഭാ കാര്യാലയത്തിന് മുന്നിൽ ഇവ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇന്നലെ ഭക്ഷണത്തിന് ഓർഡർ എടുക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു ജവഹർ. മറ്റൊരു തൊഴിലാളിയെ തല്ലുന്നത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മർദ്ദനം. പത്ത്  പേരോളം വരുന്ന ആളുകള്‍ അരമണിക്കൂര്‍ നേരം ജവഹറിനെ ആക്രമിക്കുകയായിരുന്നു.

കളമശ്ശേരി ​ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന ജവഹറിന്റെ ആരോ​ഗ്യ നില ഇപ്പോഴും പ്രതിസന്ധിയിലാണ്. എഴുന്നേറ്റ് നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചെവിയ്ക്കും തലയ്ക്കുമാണ് കൂടുതൽ പരിക്ക്. കഴുത്തിലും ശരീരത്തിലും നീർക്കെട്ടുണ്ട്. അതുപോലെ ഇഎൻടി പരിശോധനകൾക്ക് ശേഷം മാത്രമേ ചെവിയ്ക്കേറ്റ പരിക്കിനെക്കുറിച്ച് കൂടുതൽ വ്യക്തമാകൂ. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. ഊബർ ഈറ്റ്സ് ഈ ഹോട്ടലിൽ നിന്നുള്ള ഓർഡർ റദ്ദാക്കിയിട്ടുണ്ട്. 

ഈ ഹോട്ടലിൽ ഇത്തരം സംഭവങ്ങൽ നിത്യേന നടക്കാറുണ്ടെന്ന് പ്രദേശവാസികളും തൊട്ടടുത്ത കടയുടമകളും വെളിപ്പെടുത്തുന്നു. അതുപോലെ  പുലർച്ചെ മൂന്നു മണി വരെ ഈ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ ഇവിടെയെത്തുന്ന കസ്റ്റമേഴ്സിനെയും ഇവർ ഉപദ്രവിക്കാറുണ്ടെന്ന് പ്രദേശത്തെ കടയുടമ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞു. ജവഹറിനെ മർദ്ദിക്കുന്നതിനും ദൃക്സാക്ഷികളുണ്ടായിരുന്നു. ഇവിടെ ദിവസം തോറും ഇത്തരം രണ്ട് സംഭവങ്ങളെങ്കിലും നടക്കാറുണ്ടെന്നാണ് പ്രദേശവാസികളുടെ വെളിപ്പെടുത്തൽ. 

click me!