കുവൈറ്റില്‍ വിദേശ ഗാര്‍ഹികതൊഴിലാളികള്‍ക്ക് ചികില്‍സാ ഫീസ് വര്‍ധനയില്ല

By Web DeskFirst Published Oct 11, 2017, 6:13 AM IST
Highlights

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്കു വര്‍ധിപ്പിച്ച ചികിത്സാ ഫീസില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കി ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കി. ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും വകുപ്പ് മേധാവിയുടെയും സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഐസിയുകളില്‍ പ്രവേശിപ്പിക്കുന്ന വിദേശികളായ രോഗികളെയും നേരത്തെ  നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഈ മാസം ഒന്ന് മുതലാണ് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും,ക്ലിനിക്കുകളിലും വിദേശികള്‍ക്കുള്ള ചികല്‍സാ ഫീസ് കൂട്ടിയത്. മാനുഷിക പരിഗണനയെന്ന നിലയില്‍ 13 വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു അത്. 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, കാന്‍സര്‍ രോഗികള്‍, സംരക്ഷണ ഹോമുകളിലെ അന്തേവാസികള്‍, ജിസിസി അംഗരാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍, ഔദ്യോഗിക പ്രതിനിധി സംഘങ്ങളിലെ അംഗങ്ങള്‍, തുടങ്ങിയ ഗണത്തില്‍ ഉള്‍പ്പെടുന്നവരാണത്. അത് കൂടാതെയാണ് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി ഡോ. ജമാല്‍ അല്‍ ഹാര്‍ബി രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ കൂടെ വര്‍ധനവില്‍ നിന്ന് ഒഴിവാക്കിയത്.

ആരോഗ്യമന്ത്രാലയത്തിലെ ചികിത്സാ ചെലവുകള്‍ വര്‍ധിച്ചതാണ് ഫീസ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തെ, ആശുപത്രികളിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും വകുപ്പ് മേധാവിയുടെയോ ആശുപത്രി മാനേജരുടെയോ സാക്ഷ്യപത്രത്തിന്റെയും അടിസ്ഥാനത്തില്‍ അത്യാഹിത രിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളെ നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

click me!