
റിയാദ്: ഹജ്ജുമായി ബന്ധപ്പെട്ട താല്‍ക്കാലിക തൊഴില്‍ വിസകള്‍ വില്പന നടത്തിയ കമ്പനികള്‍ക്കെതിരെ സൗദി തൊഴില്‍ മന്ത്രാലയം നടപടി സ്വീകരിച്ചു. അതേസമയം വിദേശ ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര സുഗമമായി അവസാനിച്ചതായി സൗദി ഗ്രൌണ്ട് സര്‍വീസ് കമ്പനി അറിയിച്ചു. നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഹജ്ജ് വേളയില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ അനുവദിച്ച താല്‍ക്കാലിക തൊഴില്‍ വിസകള്‍ ചില കമ്പനികള്‍ പുറത്ത് വില്പന നടത്തിയതായി കണ്ടെത്തിയിരുന്നു. ഈ കമ്പനികള്‍ക്കെതിരെ പിഴയും, ലൈസന്‍സ് റദ്ദ് ചെയ്യലും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതില്‍ ഒരു കമ്പനിക്ക് രണ്ട് കോടി മുപ്പത് ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഈ കമ്പനിയെ ഹജ്ജ് സേവനം ചെയ്യുന്നതില്‍ നിന്ന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. അതേസമയം ഇത്തവണ ഹജ്ജ് നിര്‍വഹിച്ച 17,52,000 ത്തോളം വിദേശ തീര്‍ഥാടകരും സൗദിയില്‍ നിന്ന് മടങ്ങി. ഇതോടെ ഹജ്ജ് ടെര്‍മിനലില്‍ ഗ്രൌണ്ട് സര്‍വീസ് ചെയ്തിരുന്ന സൗദി ഗ്രൌണ്ട് സര്‍വീസ് കമ്പനിയുടെ ഹജ്ജ് ഓപ്പറേഷന്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. വ്യാഴാഴ്ചയോടെ തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്ന തീര്‍ഥാടകര്‍ മാത്രമാണ് സൗദിയില്‍ അവശേഷിക്കുന്നത്. പതിമൂന്നു ലക്ഷത്തോളം തീര്‍ഥാടകര്‍ മടങ്ങിയത് ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങള്‍ വഴിയാണ്. 4730 വിമാനങ്ങള്‍ ഇവര്‍ക്കായി സര്‍വീസ് നടത്തി. ഇരുപത് ലക്ഷത്തോളം ലഗ്ഗേജുകള്‍ മടക്കയാത്രയില്‍ തീര്‍ഥാടകര്‍ കൊണ്ടുപോയി. ജിദ്ദാ വിമാനത്താവളത്തില്‍ നിന്ന് 3114 വിമാന സര്‍വീസുകള്‍ വഴി 8,31,048 തീര്‍ഥാടകര്‍ മടങ്ങി. മദീന വിമാനത്താവളം വഴി 1,616 വിമാന സര്‍വീസുകളിലായി 2,91,140 തീര്‍ഥാടകര്‍ മടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്രയും വ്യാഴാഴ്ച അവസാനിച്ചിരുന്നു. നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam