
തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ഇടപെടലിനെ തുടർന്നാണ് പികെ ശശിയെ സസ്പെൻഡ് ചെയ്യാനുള്ള കടുത്ത തീരുമാനത്തിലേക്ക് സംസ്ഥാന കമ്മിറ്റി എത്തിയത്. പാർട്ടി സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നു എന്ന പരാതിക്കിടയാക്കാത്ത തീർപ്പ് വേണമെന്ന അഭിപ്രായം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന നേതാക്കളെ അറിയിച്ചു.
ശശിയെ സംസ്ഥാന നേതാക്കൾ സംരക്ഷിക്കുന്നു എന്ന് വിഎസ് അച്യുതാനന്ദൻ ഇന്നലെ യെച്ചൂരിയെ നേരിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും കേന്ദ്രനേതൃത്വം ഇടപെട്ടായിരുന്നു. എന്നാൽ സ്വയം തീരുമാനിച്ചു എന്നാണ് സംസ്ഥാന കമ്മിറ്റി എടുത്ത പരസ്യനിലപാട്.
നേരത്തെ അന്വേഷണ കമ്മീഷനിലടക്കം അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമായാണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗമായ എകെ ബാലന്‍റെ നിലപാട്. എന്നാല്‍ ഇതിനെതിരെ പികെ ശ്രീമതി നിലപാടെടുത്തു.
ഒടുവില്‍ ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലൈംഗിക അതിക്രമ പരാതി പ്രവര്‍ത്തകയോട് മോശമായി പെരുമാറി എന്ന രീതിയിലേക്ക് മാറ്റിയാണ് നടപടി സ്വീകരിച്ചത്. മോശമായ രീതിയില്‍ സംസാരിച്ചു എന്നതാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
അതേസമയം പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയ്ക്കും, പൂര്‍ത്തിയായ ശേഷവും അന്വേഷണ കമ്മീഷനംഗം എകെ ബാലനുമായി വേദി പങ്കിട്ടതും സിപിഎമ്മിന്‍റെ ജാഥാ ക്യാപ്റ്റനായി ജാഥ നയിച്ചതും പികെ ശശിയെ സംരക്ഷിക്കാനുള്ള സൂചനകളിലേക്കായിരുന്നു വിരള്‍ ചൂണ്ടിയത്.
നാമമാത്രമായി നടപടിയെടുത്ത് കേസ് ഒതുക്കാനായിരുന്നു പാര്‍ട്ടിയിലെ നീക്കമെന്ന് അന്ന് തന്നെ ഒരു വിഭാഗം പരാതിയും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി തന്നെ അന്വേഷണത്തില്‍ സംശയം പ്രകടിപ്പച്ച് രണ്ടാമതും റെക്കോര്‍ഡിങ് ക്ലിപ്പ് സഹിതം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയക്കുകയും ചെയ്തു. തുടര്‍ന്നാണ് കര്‍ശന നിലപാടുമായി കേന്ദ്ര നേതൃത്വം രംഗത്തെതത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam