ആജാനുബാഹുവായ സജീവിനെ ബിജുകുമാര്‍ എങ്ങനെയാണ് ഒറ്റയ്ക്ക് കീഴ്‍പ്പെടുത്തിയത് ? സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

By Web TeamFirst Published Feb 10, 2019, 1:18 PM IST
Highlights

അടുത്തിടെ ഏറെ ഞെട്ടലോടെ കണ്ട ഒരു പിടിച്ചുപറിയുടെ ദൃശ്യങ്ങള്‍ ആരും മറന്നുകാണില്ല. തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന് ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ സംഭവമായിരുന്നു അത്. 

തിരുവനന്തപുരം: അടുത്തിടെ ഏറെ ഞെട്ടലോടെ കണ്ട ഒരു പിടിച്ചുപറിയുടെ ദൃശ്യങ്ങള്‍ ആരും മറന്നുകാണില്ല. തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന് ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ സംഭവമായിരുന്നു അത്. വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ തള്ളിയിട്ട് പോകുന്ന മോഷ്ടാവിന്‍റെ ദൃശ്യം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊലീസും അതീവ ജാഗ്രതയോടെ വിഷയം ഏറ്റെടുത്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി 33 കാരനായ സജീവിനെ പൊലീസ് പിടികൂടുകയും ചെയ്തു.

സജീവിനെ പിടികൂടിയത് ഒരു ട്രാഫിക് പൊലീസ് ഓഫീസറായിരുന്നു.  ആജാനുബാഹുവായ സജീവിനെ എങ്ങനെയാണ് ബിജുകുമാര്‍ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. ഇവിടെയാണ് സംഭവത്തിന്‍റെ ട്വിസ്റ്റ്. ഒരു സിനിമാ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവങ്ങളെന്ന് ബിജുകുമാര്‍ വെളിപ്പെടുത്തുന്നു.

പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്‍റെ മാലയും മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി.  ഇതിനകം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രീഫിക് ഡ്യൂട്ടിയിലായിരുന്നു ബിജുകുമാര്‍. വയര്‍ലെസ് വഴി സ്കൂട്ടറിന്‍റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ബിജുകുമാറിനും കിട്ടി. 

നിരവധി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ബിജുകുമാര്‍ വെറുതെ ഒരു പരിശോധന നടത്തി. വെറുതെ ഒരു തോന്നലായിരുന്നു അത്, അല്ലെങ്കില്‍ ഒരു കൗതുകം. പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്കൂട്ടര്‍. ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ സജീവ് സ്കൂട്ടറിനടുത്തെത്തി. നല്ല ആരോഗ്യമുള്ള സജീവിനെ തനിക്ക് ഒറ്റയ്ക്ക് കീഴ്പെടുത്താനാവില്ലെന്ന് ബിജുകുമാറിന് മനസിലായി. സ്റ്റേഷനിലേക്ക് വിളിച്ച് കൂടുതല്‍ പൊലീസുകാരെ വരുത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെട്ടേക്കുമെന്നും തോന്നി. അയാളെ എങ്ങനെയെങ്കിലും അടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ബിജുകുമാറിന്‍റെ നീക്കം. 

ഭാവ വ്യത്യാസമില്ലാതെ സ്കൂട്ടര്‍ നോ പാര്‍ക്കിങ്ങിലാണെന്നും സ്റ്റേഷനിലെത്തി പിഴയടക്കണമെന്നും സജീവിനോട് പറഞ്ഞു. സംശയം തോന്നാതിരുന്ന സജീവ് സ്റ്റേഷനിലേക്ക് എത്തിയതോടെ മറ്റ് പൊലീസുകാരോട് ബിജുകുമാര്‍ കാര്യങ്ങള്‍ പറഞ്ഞു. പൊലീസുകാര്‍ സ്റ്റേഷനില്‍ തന്നെ വളഞ്ഞതോടെ അനങ്ങാന്‍ പറ്റാതെ സജീവ് കുടുങ്ങി. അങ്ങനെ ക്രൂരമായി വൃദ്ധയുടെ മാലപൊട്ടിച്ചതടക്കം മൂന്ന് കേസുകള്‍ തെളിഞ്ഞു. 

കള്ളനെ പിടികൂടിയതിന് ബിജുകുമാറിനും സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ തന്നെ ശരത് ചന്ദ്രനും പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്‍ അനുമോദിച്ചു. കഴിഞ്ഞ ദിവസം എആര്‍ ക്യാമ്പിലെ ജനമൈത്രി യോഗത്തിലായിരുന്നു അനുമോദന ചടങ്ങ്.

click me!