പതിനാറുകാരന് മര്‍ദ്ദനം: എസ്‌ഐയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By Web DeskFirst Published Oct 30, 2017, 9:06 PM IST
Highlights

കോഴിക്കോട്: കോഴിക്കോട്  അസമയത്ത് വനിത ഹോസ്റ്റലിന് മുന്നില്‍ കണ്ട എസ്‌ഐയെ ചോദ്യം ചെയ്തതിന് പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍  മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്സെടുത്തു. എസ്.ഐയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയോട് നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. 

അടുത്തമാസം ഇരുപതിന് കോഴിക്കോട്ട് കമ്മീഷന്റെ സിറ്റിങ്ങ് ഉണ്ട്. അന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പൊലീസ് മേധാവിക്കും മുനഷ്യാവകാശ കമ്മഷന്‍ നിര്‍ദ്ദേശം നല്‍കി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളോട് പൊലീസ് കാണിക്കുന്ന ക്രൂരതയുടെ ഉത്തമ ഉദാഹരണമാണ് സംഭവമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. 

കമ്മീഷന്‍ ആക്ടിങ്ങ് അധ്യക്ഷന്‍ പി.മോഹന്‍ദാസാണ് സംഭവത്തില്‍ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍
നടക്കാവ് പൊലീസ് എസ്‌ഐക്കെതിരെ കേസ്സെടുത്തില്ലെന്നും ആക്ഷേപമുണ്ട്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ വനിത ഹോസ്റ്റലിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം.

click me!