മുനമ്പം മനുഷ്യക്കടത്തിന്‍റെ മുനമ്പ്! 2013-ൽ 70 പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് പ്രതി

By Web TeamFirst Published Jan 25, 2019, 11:20 AM IST
Highlights

2013-ൽ നടന്ന മനുഷ്യക്കടത്തിന്‍റെ വിവരങ്ങളും പുറത്തുവരികയാണ്. 70 പേരെ ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി മുഖ്യപ്രതികളിലൊരാളായ പ്രഭു മൊഴി നൽകി.

കൊച്ചി: ആറ് വർഷം മുമ്പ് മുനമ്പത്ത് നിന്ന് എഴുപത് പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് മുഖ്യപ്രതിയുടെ മൊഴി. ദില്ലിയിൽ നിന്ന് പിടിയിലായ പ്രഭുവാണ് ഓസ്ട്രേലിയയിലേക്ക് ആളുകളെ കൊണ്ടുപോയെന്ന് പൊലീസിന് മൊഴി നൽകിയത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് കടത്തിയ ആളുകളെ കൊണ്ടുപോയതെന്നും പ്രഭു വെളിപ്പെടുത്തി.

താനും ആ സംഘത്തിലുണ്ടായിരുന്നു എന്നാണ് പ്രഭുവിന്‍റെ മൊഴി. 17 ദിവസം കൊണ്ട് അവിടെയെത്തി. ഓസ്ട്രേലിയൻ സേന അവരെ പിടികൂടി. തുടർന്ന് അഭയാർഥി ക്യാമ്പിലേക്ക് മാറ്റി. അവിടെ അഭയാർഥി വിസയും വർക്ക് പെർമിറ്റും കിട്ടി. രണ്ട് വ‍ർഷം ക്രിസ്മസ് ദ്വീപിൽ പ്രഭു ജോലി ചെയ്തു. സ്ട്രോബറി തോട്ടത്തിൽ ദിവസം 150 ഡോളർ തുക കൂലി കിട്ടും. അതിനാൽ അവിടെ തുടർന്നു. ഓസ്ട്രേലിയൻ സർക്കാറിൽനിന്ന് പ്രതിമാസം ഇന്ത്യൻ കറൻസി 75000 രൂപയ്ക്ക് തത്തുല്യമായ തുക കിട്ടിയെന്നും പ്രഭു പറയുന്നു. തുടർന്ന് കേസ് തീർന്നതോടെ ഇവരെ ഡീപോർട്ട് ചെയ്യാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു.

ഇതോടെ നിൽക്കക്കള്ളിയില്ലാതായി. ഓസ്ട്രേലിയൻ സർക്കാർ തന്നെയാണ് തിരിച്ചയച്ചതെന്നും പോരുമ്പോൾ രണ്ടരലക്ഷത്തോളം രൂപ കിട്ടിയെന്നും നിവൃത്തിയില്ലാതെ തിരികെ പോരുകയായിരുന്നെന്നും പ്രഭു പറയുന്നു.

ഇവിടെ ജീവിക്കാൻ നിവൃത്തിയില്ലാതായതിനാൽ വീണ്ടും ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നെന്നും പ്രഭു വ്യക്തമാക്കുന്നുണ്ട്. മനുഷ്യക്കടത്തിനായി കാര്യങ്ങൾ ഏകോപിപ്പിച്ചതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രഭു പൊലീസ് കസ്റ്റഡിയിലായത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഈ വിശദാംശങ്ങൾ കിട്ടിയത്. 

സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ബോട്ട് പുറപ്പെട്ടതിനാല്‍ പ്രഭുവിന് ബോട്ടില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പ്രഭുവിന്‍റെ മകളും ഭാര്യയും ബോട്ടില്‍ പോയിട്ടുണ്ട്. ദില്ലിയില്‍ പണം പിരിക്കാനും ആളെ കൂട്ടാനും പ്രഭുവും ഉണ്ടായിരുന്നു. പ്രഭുവിനൊപ്പം ദീപക് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദീപകിന്‍റെയും ഭാര്യയും മകളും ബോട്ടിൽ കയറിപ്പോയെന്നും മനുഷ്യക്കടത്ത് നടക്കുന്നെന്ന വിവരം പുറത്തറിഞ്ഞതോടെ യാത്ര മുടങ്ങിയെന്നുമാണ് ദീപക് പൊലീസിന് നല്‍കിയ മൊഴി. 

click me!