
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിൽ പൊലീസ് പരിശോധന. രാമേശ്വരത്ത് നിന്നടക്കം നിരവധിപേർ ഓസ്ട്രേലിയയിൽ പോകുന്നതിനായി കൊച്ചിയിലെത്തിയെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന. ഇതിനിടെ ദില്ലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭുവടക്കമുളള ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ പകുതിയിലധികം പേർ തമിഴ് സംസാരിക്കുന്നവരായിരുന്നു. തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിൽ നിന്നുളളവരും ശ്രീലങ്കയിൽ താമസിക്കുന്ന തമിഴ് വംശജരും ഇക്കൂട്ടത്തിലുണ്ട്. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും ഇവർ താമസിച്ച ലോഡ്ജുകളിൽ നിന്ന് ഇത്തരം തിരിച്ചറിയൽ രേഖകൾ കിട്ടി. ഇതേത്തുടർന്നാണ് രാമേശ്വരത്തടക്കമുളള തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിൽ അന്വേഷണസംഘം പരിശോധന നടത്തിയത്. ഓസ്ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ ഇരുനൂറോളം പേരിൽ പകുതിയോളം ആളുകൾക്ക് ബോട്ടിലെ തിരക്കുമൂലം പോകാനായില്ലെന്നാണ് സൂചന. ഇവർ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്.
ഇവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. പല അഭയാർഥിക്യാപുകളിലുമുളള നിരവധിപ്പേരെ ഡിസംബർ അവസാനവാരം മുതൽ കാണാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കസ്റ്റഡിയിലുളള നാലുപേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മുഖ്യ ഇടനിലക്കാരൻ ശ്രീകാന്തന്‍റെ സുഹൃത്തും ബോട്ടുവാങ്ങുന്നതിൽ പങ്കാളിയുമായ അനിൽകുമാർ, ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam