മൃഗവേട്ടയ്ക്കെത്തിയ ഏഴംഗ സംഘം അറസ്റ്റില്‍

By Asianet newsFirst Published Jul 27, 2016, 5:06 PM IST
Highlights

വയനാട്: ലൈസന്‍സില്ലാത്ത നാടന്‍തോക്കും തിരകളുമായി ഏഴു പേര്‍ ബത്തേരിയില്‍ അറസ്റ്റില്‍. ചെട്യാലത്തൂര്‍ വനത്തിനുള്ളില്‍ മൃഗവേട്ടയ്ക്കു ശ്രമിക്കുന്നതിനിടെ വനംവകുപ്പാണ് ഇവരെ അറസ്റ്റുചെയതത്. വയനാട്, മലപ്പുറം സ്വദേശികളാണ് ഇവര്‍. അടുത്തിടെ ആനകള്‍ വെടിയെറ്റു ചരിഞ്ഞ സംഭവത്തില്‍ ഇവര്‍ക്കു പങ്കുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ  രണ്ടു കാട്ടാനകള്‍ വയനാട്ടില്‍ വെടിയെറ്റു ചരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയിലാണ് മൃഗവേട്ടസംഘം പിടിയിലാകുന്നത്. മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട ചെട്യാലത്തൂരില്‍ വെച്ചായിരുന്നു അറസ്റ്റ്. നൂല്‍പുഴയിലെ റിസോര്‍ട്ടില്‍ മുറിയെടുത്തശേഷം ഇവര്‍ വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുമായി കാട്ടിലേക്കു മാറുകയായിരുന്നവെന്നാണ് വനംവകുപ്പിന്റെ നിഗമനം.

ഇവരില്‍നിന്നു തിരകള്‍, രണ്ടു കാര്‍, ബൈക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി ഒമ്പതുപേര്‍ സംഘത്തിലുണ്ടായിരുന്നെങ്കിലും രണ്ടാളുകള്‍ ഓടി രക്ഷപെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

മൃഗവേട്ടതന്നെയാണ് ഇവരുടെ ലക്ഷ്യമെന്നാണു വനംവകുപ്പിന് ഉറപ്പായിട്ടുണ്ട്. ഇത്തരത്തില്‍ മൃഗവേട്ട നടത്തുന്ന  കൂടുതല്‍ ആളുകള്‍ വയനാട്ടിലും നിലമ്പൂരിലുമുള്ള റിസോര്‍ട്ടുകളില്‍ തങ്ങുന്നുവെന്ന സംശയം വനം വകുപ്പിനുണ്ട്. ഇതേത്തുടര്‍ന്ന് ഇവിടങ്ങളിലോക്കെ പരിശോധന നടത്തി. ആന്വേഷണം ഊര്‍ജിതമാകുമ്പോള്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണു സൂചന.

 

click me!