മതസ്പർദ്ധ കേസ്: സെന്‍കുമാറിനെതിരെ തെളിവില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

By Web DeskFirst Published Jan 10, 2018, 1:38 PM IST
Highlights

തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാര്‍ശമുള്ള വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ  തെളിവില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. വാരികയുടെ ലേഖകൻ ഹാജരാക്കിയ രണ്ട് മൊബൈലിലും ലാപ് ടോപ്പിലും അഭിമുഖത്തിന്റെ ശബ്ദരേഖയില്ലെന്നും ഹാജരാക്കിയ സിഡിയിൽ എഡിറ്റിങ്ങുകൾ നടന്നതായും ഫോറന്‍സിക് കണ്ടെത്തി.  

താന്‍ പറയാത്ത കാര്യങ്ങളാണ് ലേഖനത്തില്‍ പ്രസിദ്ധീകരിച്ചതെന്ന് കേസില്‍ സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്‍കുമാര്‍ പറഞ്ഞതിന്‍റെ റെക്കോര്‍ഡിങ് ക്ലിപ്പ് കൈയിലുണ്ടെന്നായിരുന്ന വാരികയുടെ ലേഖകന്‍ നല്‍കിയ മൊഴി. തുടര്‍ന്നാണ് തെളിവുകള്‍ ഹാജരാക്കാന്‍ ലേഖകനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹാജരാക്കിയ തെളിവുകളെല്ലാം ഫോറന്‍സിക് പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു.

ഒരു വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഒരു മതവിഭാഗത്തിനെ കുറിച്ച് സെൻകുമാ‍ർപറഞ്ഞതായി വന്ന കാര്യങ്ങളാണ് വിവാദമായത്. മതവികാരം വളർത്തുന്ന അഭിമുഖമാണെന്ന പരാതിയിൽ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെൻകുമാറിനെതിരെ  കേസെടുത്തിരുന്നു. 

അന്വേഷണത്തിൻറെ ഭാഗമായി അഭിമുഖം റിക്കോർഡ‍് ചെയ്ത  ഫോണും, സംഭാഷണം പകർത്തിയ സിഡിയും ലേഖകൻ കൈബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. ഈ ഫോണും സിഡിയും പരിശോധിച്ചാണ് ഫൊറൻസിക് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫോണില്‍ റെക്കോർഡ് ചെയ്ത സംഭാഷണം മായ്ച്ചുകളഞ്ഞുവെന്നായിരുന്നു ലേഖകന്‍റെ മൊഴി. 

ഫോറൻസിക് പരിശോധനയിലും ഫോണിൽ നിന്നും സംഭാഷണം വീണ്ടെടുക്കാനായില്ല. സിഡിയിലെ സംഭാഷണം മറ്റൊരു ഫോർമാറ്റിലുള്ളതാണ്. ഫോണിൽ നിന്നും കമ്പ്യൂട്ടറിലേക്ക് പകർത്തിയശേഷം സിഡയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നതായും കണ്ടെത്തിയിരുന്നു.

click me!