ദീപക്കിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ. ദീപക്കിന്റെ സ്മരണാർത്ഥം പുരുഷന്മാർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും 'ഹോമീസ് മെൻ കീ ബാത്ത്' എന്ന മൊബൈൽ ആപ്പും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ: ദീപക്കിന്റെ ജന്മദിനമായ ജനുവരി 17 പുരുഷാവകാശ ദിനമായി ആചരിക്കുമെന്ന് രാഹുൽ ഈശ്വർ. പുരുഷന്മാർക്ക് വേണ്ടി ഹെൽപ് ലൈൻ ഉണ്ടാക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ദീപകിന്റെ വീട് സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും ലഭ്യമാകുന്ന ഹെൽപ് ലൈനും ഹോമീസ് മെൻ കീ ബാത്ത് എന്ന മൊബൈൽ ആപ്പും കൊണ്ടുവരും. ദീപക്കിന്‍റെ സ്മരണാർഥമാണ് ഹെൽപ് ലൈൻ സജ്ജമാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കും. മൊബൈൽ ഫോൺ സംവിധാനമാണ് സജ്ജമാക്കുന്നത്. പെൺകുട്ടിയോട് പ്രതികാരമില്ല, പക്ഷേ നീതിയാണ് വേണ്ടത്. നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി അവരെ അറസ്റ്റ് ചെയ്യണം. വേറൊരാളുടെ കണ്ടൻറിന് വേണ്ടി പുരുഷന്മാരുടെ ജീവിതം നഷ്ടപ്പെടരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
11 മാസമായി പുരുഷ കമ്മീഷൻ ബിൽ നിയമസഭയിൽ ഇരിക്കുകയാണെന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപക്കിന്‍റെ അച്ഛനെയും അമ്മയെയും കണ്ടുവെന്നും പെൺകുട്ടിക്കെതിരെ മോശം പരാമർശം പ്രോത്സാഹിപ്പിക്കില്ലെന്നും അത്തരക്കാർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. കേസ് ക്രൈം ബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ആവശ്യം. അപകീർത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസെടുക്കണം. പ്രതിയായ യുവതി വിദേശത്തേക്ക് കടന്നു എന്ന് സംശയമുണ്ട്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കണം. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ നിർദേശം നൽകണമെന്നും രാഹുൽ പറഞ്ഞു. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

