വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്. കാലിന് പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
പാലക്കാട്: പാലക്കാട് വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്. മേപ്പറമ്പ് ജംഗ്ഷനിലെ വഴിയരികിൽ ഉപേക്ഷിച്ചിരുന്ന സിറിഞ്ചുകൾ കുത്തിക്കയറിയാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വഴിയോരത്ത് സിറിഞ്ചുകൾ എങ്ങനെയെത്തി എന്നതിൽ പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ആശുപത്രി, ക്ലിനിക്കുകൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. ലഹരി സംഘം ഉപേക്ഷിച്ച സിറിഞ്ചുകളാണ് വഴിയരികിൽ നിന്ന് കണ്ടെത്തിയതെന്നാണ് സംശയം.
അതേസമയം, മകന് ആറുമാസം നിരീക്ഷണം വേണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും 13 കാരൻ്റെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യഘട്ടത്തിൽ തന്നെ 9 പരിശോധനകളാണ് നടത്തിയത്. രക്തപരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെങ്കിലും വലിയ ആശങ്കയാണ്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സിറിഞ്ച് മാറ്റിയിട്ടില്ലെന്നും പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. ഇനിയൊരു കുട്ടിക്കും ഇത്തരത്തിൽ അനുഭവം ഉണ്ടാകാതിരിക്കാൻ നടപടി വേണമെന്നും രക്ഷിതാവ് പറയുന്നു.
