'ഞാന്‍ ഒപ്പുവച്ചത് നിങ്ങളുടെ മരണ വാറണ്ട്'; പീഡനക്കേസിലെ പ്രതിയോട് ജഡ്ജി

By Web deskFirst Published Jan 25, 2018, 5:04 PM IST
Highlights

മിഷിഗണ്‍: ഞാന്‍ ഒപ്പുവച്ചത് നിങ്ങളുടെ മരണ വാറണ്ട്. 175 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ മുഖത്ത് നോക്കി ജഡ്ജി പറഞ്ഞതാണ് ഈ വാക്കുകള്‍. മിഷിഗണില്‍ യുവ വനിതാ ജിംനാസ്റ്റിനെ പീഡിപ്പിച്ച കേസില്‍ ജിംനാസ്റ്റ് ടീം ഡോക്ടര്‍ ലാറി നാസ്സറി(54)നാണ് മിഷിഗണ്‍ കോടതി 175 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 

വിധി പ്രഖ്യാപിച്ചുകൊണ്ട് ഇന്‍ഘാം കൗണ്ടി സര്‍ക്യൂട്ട് ജഡ്ജ് റോസമാരി അക്വിലിന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഞാന്‍ ഒപ്പുവച്ചത് നിങ്ങളുടെ മരണ വാറണ്ടാണെന്നായിരുന്നു ജഡ്ജിയുടെ വാക്കുകള്‍.  നാസറിന്റെ അതിക്രമത്തിന് ഇരയായ 160 ഓളം പേരുടെ മൊഴിയെടുത്തതിന് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. കരഞ്ഞും കയ്യടിച്ചുമാണ് ഇവര്‍ വിധിയെ സ്വാഗതം ചെയ്തത്. 

2016 ല്‍ റേച്ചല്‍ ഡെന്‍ഹൊളന്റര്‍ ആണ് ആദ്യമായി നാസ്സറിനെതിരെ പീഡനം ആരോപിച്ച് രംഗത്തെത്തിയത്. വിധി കേട്ട് റേച്ചല്‍ പ്രോസിക്യൂട്ടറെ സന്തോഷത്തോടെ ആലിംഗനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നാല് ഒളിമ്പിക് ഗെയിമുകളില്‍ ഫിസിഷ്യന്‍ ആയിരുന്നു നാസ്സര്‍. വാദം കേള്‍ക്കുന്നതിനിടെ തന്റെ ആക്രമണത്തിന് ഇരയായ യുവതിയോട് മാപ്പ് പറഞ്ഞ നാസര്‍ തെറ്റുകള്‍ തിരിച്ചറിയുന്നുവെന്നും അവരുടെ വാക്കുകള്‍ ഇനിയുള്ള ജീവിതത്തില്‍ പിന്തുടരുമെന്നും അറിയിച്ചു.

ചൈല്‍ഡ് പോണോഗ്രഫി കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ നാസറിനെ നിലവില്‍ 60 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഈ വിധിയോടെ സമൂഹം സംസ്‌കാരവും രാജ്യവും സ്ത്രീകള്‍ക്കെതിരായ പീഡനത്തെ കാണുന്ന രീതിയ്ക്ക് മാറ്റം വരണമെന്നും ജഡ്ജ് അക്വിലീന വ്യക്തമാക്കി.
 

click me!