
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവിതം തുറന്നുപറയുന്ന അഭിമുഖത്തിന്‍റെ പുതിയ ഭാഗം പുറത്തെത്തി. ഹിമാലയത്തിലെ ജീവിതത്തിനു ശേഷം വന്ന മാറ്റങ്ങളും ചെയ്ത കാര്യങ്ങളുമാണു പുതിയ ഭാഗത്തിലുള്ളത്. 'ഹ്യൂമൻസ് ഓഫ് ബോംബെ' പേജാണ് മോദിയുമായുള്ള അഭിമുഖം പങ്കുവെച്ചത്.
ഹിമാലയത്തിൽ നിന്നും തിരിച്ചുവന്ന സമയത്ത്, എനിക്കറിയാമായിരുന്നു എന്‍റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി സേവിച്ച് ജീവിക്കാനുള്ളതാണെന്ന്. തിരിച്ചെത്തി കുറച്ചുനാളുകൾക്ക് ശേഷം ഞാൻ അഹ്മദാബാദിലേക്ക് പോയി. ഒരു വലിയ നഗരത്തിൽ ഞാനാദ്യമായിരുന്നു. ജീവിതത്തിന്റെ ഈ ഘട്ടം വളരെ വ്യത്യസ്തമായിരുന്നു. ഇടയ്ക്ക് അമ്മാവന്‍റെ കാന്‍റീനിൽ ചെന്ന് അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ക്രമേണ ഞാൻ ഒരു മുഴുവൻ സമയ ആർഎസ്എസ് പ്രചാരക് ആയി മാറി. അവിടെ എനിക്ക് ജീവിതത്തിന്‍റെ വിവിധ തുറകളിൽ ജീവിക്കുന്നവരുമായി ഇടപഴകാൻ കഴിഞ്ഞു.
ആർഎസ്എസ് ഓഫീസ് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികളെല്ലാം ചെയ്ത് ജീവിച്ചു. ജീവിതം വളരെ തിരക്കേറിയതും കാർക്കശ്യമുള്ളതുമായിരുന്നു. ഇതിനിടയ്ക്കെല്ലാം ഹിമാലയത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ മറക്കാതിരിക്കാന്‍ ഞാൻ തീരുമാനിച്ചിരുന്നു. അവിടെ നിന്ന് ഞാൻ നേടിയ മാനസിക സ്വാസ്ഥ്യത്തെ പുതിയ തലങ്ങളൊന്നും തന്നെ ഇല്ലാതാക്കരുതെന്ന് തീരുമാനിച്ചു. എല്ലാ വർഷവും കുറച്ചുനേരം ഉള്ളിലേക്ക് നോക്കുവാൻ സമയം കണ്ടെത്തണമെന്ന് ഞാൻ തീരുമാനിച്ചു. സമതുലിതമായ ഒരു ജീവിതം നയിക്കാനുള്ള മാർഗമായിരുന്നു അത്.
അധികമാർക്കും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലിയോടനുബന്ധിച്ച് അഞ്ച് ദിവസം ഞാൻ കാട്ടിലേക്ക് പോകുമായിരുന്നു. ശുദ്ധ ജലവും ലഭിക്കുന്ന, ആൾക്കാരൊന്നുമില്ലാത്ത സ്ഥലം. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കൈയിലെടുത്താണ് പോകുക. അവിടെ റേഡിയോയോ പത്രങ്ങളോ ഉണ്ടാകില്ല. അക്കാലത്ത് ഇന്റർനെറ്റും ടിവിയും ഒന്നുംതന്നെ ഉണ്ടായിരിന്നില്ല. അന്നത്തെ ഏകാന്തധ്യാനങ്ങളിൽ നിന്നും ലഭിച്ച കരുത്താണ് ഇന്നും ജീവിതത്തെ നേരിടുന്നതിന് എന്നെ പ്രാപ്തനാക്കുന്നത്. എന്നോട് ആളുകൾ ചോദിക്കും: “നിങ്ങൾ ആരെ കാണാനാണ് പോകുന്നത്?” അപ്പോൾ ഞാൻ പറയും, ഞാൻ എന്നെ കാണാനാണ് പോകുന്നത്.
ഇതിനാലാണ് ഞാനെന്‍റെ യുവ സുഹൃത്തുക്കളോട് പറയാറുള്ളത്, തിരക്കേറിയ ജീവിതത്തിനിടയിൽ ഒരൽപം ഇടവേളയെടുക്കൂ. വിചാരങ്ങളിലേർപ്പെടൂ. ആത്മപരിശോധന നടത്തൂ. അത് നിങ്ങളുടെ കാഴ്ചപ്പാടിനെ തന്നെ മാറ്റിമറിക്കും. നിങ്ങൾക്ക് നിങ്ങളുടെ ആന്തരിക സ്വഭാവം നന്നായി മനസ്സിലാക്കാൻ സാധിക്കും. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നതിനെക്കുറിച്ച് കേൾക്കാൻ അത് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. അതിനാൽ നിങ്ങൾ ഓരോരുത്തരേയും ഞാൻ ഓർമ്മിപ്പിക്കുകയാണ് നിങ്ങൾ വളരെ പ്രത്യേകതയുള്ളവരാണ്. വെളിച്ചതിനായി നിങ്ങൾ പുറത്തേക്ക് നോക്കേണ്ടതില്ല. അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ടെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു.
ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ സോഷ്യല്‍മീഡിയ പേജുകളിലാണ് മോദിയുമായുള്ള അഭിമുഖം #TheModiStory എന്ന ടാഗില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam