
തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി പൊലീസ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതിന ചൊല്ലി ഐ എ എസ്-ഐ പി എസുകാർ തമ്മിൽ തർക്കം രൂക്ഷം. ഇതോടെ നിയമസഭ സമ്മേളനത്തിന് മുമ്പ് പൊലീസ് ഘടനയിൽ മാറ്റമുണ്ടാക്കാനുള്ള സർക്കാർ നീക്കത്തിനാണ് തിരിച്ചടിയായത്. പൊലീസിലെ നിലവിൽ ഭരണ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താനായിരുന്ന ഡി ജി പിയുടെ ശുപാർശ.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻറെ കീഴിൽ കമ്മീഷണറേറ്റ് സ്ഥാപിക്കാനായിരുന്നു നിര്‍ദ്ദേശം. നിലവിൽ ഐജിമാർക്ക് കീഴിലെ നാല് റെയ്ഞ്ചുകളിൽ പകരം ഡി ഐ ജി മാരെ നിയമിക്കുക, ദക്ഷിണ- ഉത്തരമേഖലകളിൽ ക്രമസമാധാനം ചുമതല എഡിജിപിമാർക്ക് പകരം രണ്ട് ഐജിമാർക്ക് നൽകുക, ഡി ജി പിക്കു താഴെ ക്രമസമാധാന ചുമതലയിൽ ഒരു എ ഡി ജി പിയെ നിയമിക്കുക എന്നിവയായിരുന്നു ശുപാർശ.
കമ്മീഷണറേറ്റ് നിലവിൽ വരുമ്പോള്‍ ജില്ലാ കളക്ടർമാരുടെ കൈവശമുള്ള മജിസ്റ്റീരിയിൽ അധികാരങ്ങള്‍ കൂടി ഐജിക്ക് കൈമാറേണ്ടിവരും. ഇതിനെയാണ് ഐഎഎസുകാർ എതിർക്കുന്നത്. ചീഫ് സെക്രട്ടറിയും, ആഭ്യന്തരസെക്രട്ടറിയും ഡി ജി പിയും യോഗം ചേർന്നെങ്കിലും അനുരജ്ഞനാമുണ്ടാക്കാനായില്ല. ചെന്നൈ, കൊൽക്കത്ത, ബംഗല്ലൂരു നഗരങ്ങളിൽ നടപ്പാക്കി കഴിഞ്ഞ മാതൃക ചൂണ്ടികാട്ടി ഡി ജി പി വീണ്ടും സർക്കാറിന് കത്തയച്ചു. പക്ഷെ തർക്കം രൂക്ഷമായാതിനാൽ സർക്കാരിന് ഇക്കാര്യത്തിൽ അന്തിമ തീരുമമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല.
നാലു വർഷം മുമ്പ് കമ്മീഷണറേറ്റ് സ്ഥാപിക്കാനായി മന്ത്രിസഭാ യോഗം തീരുമാനിച്ച് ഉത്തരവിറങ്ങിയതാണ്. ഇതേ തർക്കമാണ് കമ്മീഷണറേറ്റ് വൈകിപ്പിച്ചത്. എന്നാൽ കമ്മീഷണറേറ്റ് സ്ഥാപിക്കണമെന്ന ഐ പി എസുകാരുടെ ശക്തമായ നിലപാടാണ് വീണ്ടും ചർച്ചകള്‍ സജീവമാക്കിയത്. കമ്മീഷണറേറ്റ് ഒഴികെ മറ്റ് ശുപാർശകളെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് നടപ്പാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഉത്തരമേഖല എ ഡി ജി പിയുടെ കസേരയിൽ മാസങ്ങളായി ആരുമില്ല. മനോജ് എബ്രഹാമിന് സ്ഥാന കയറ്റം ലഭിച്ചതോടെ തിരുവനന്തപുരം റെയ്ഞ്ച് ഐ ജിയുടെയും കസേര ഒഴിഞ്ഞു. രണ്ടിലും ഇപ്പോള്‍ അധിക ചുമതലയാണ് ഉദ്യോഗസ്ഥർ വഹിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam