കൊച്ചി വഴി മനുഷ്യക്കടത്തെന്ന് സൂചന; 40 ഓളം പേർ കടല്‍ മാര്‍ഗം കടന്നു, ഐബി അന്വേഷണം തുടങ്ങി

By Web TeamFirst Published Jan 13, 2019, 11:09 PM IST
Highlights

കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. 

കൊച്ചി: കൊച്ചി മുനമ്പം ഹാർബർ വഴി മനുഷ്യകടത്തെന്ന് സൂചന. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാൽപ്പതോളം പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. ഐ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നാൽപതോളം പേർ ബോട്ട് വഴി ഓസ്ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.

അധിക ഭാരം ഒഴിവാക്കാൻ ഇവർ തീരത്ത് ഉപേക്ഷിച്ച ബാഗുകളിൽ നിന്നാണ് നിർണായക വിവരങ്ങൾ കിട്ടിയത്. ബാഗിൽ കണ്ട രേഖയിൽ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോർട്ടുകളിൽ താമസിച്ചതായി പൊലീസ് കണ്ടെത്തി. ഇവരിൽ ചിലർ ദില്ലിയിൽ നിന്ന് വിമാന മാർഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതൽ അളവിൽ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി. 

തീരം വിട്ട ബോട്ടു കണ്ടെത്താൻ കോസ്റ്റ് ഗാർഡ് കടലിൽ തിരച്ചിലാരംഭിച്ചു. ബോട്ട് മാർഗ്ഗം കടന്നവർ ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്ട്രേലിയൻ തീരത്ത് എത്തും. മനുഷ്യക്കടത്തിന് പിന്നിൽ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓസ്ട്രേലിയയിൽ കുടിയേറ്റ അനുകൂലനിയമം ഉള്ളതാണ് മനുഷ്യക്കടത്തിന് ഇവരെ പ്രേരിപ്പിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. മനുഷ്യക്കടത്തിനെക്കുറിച്ച് ഐബി ഉദ്യോഗസ്ഥർ പരിശോധനയും തുടങ്ങി. 

click me!