ജോയ്സ് ജോർജിന്റെ ഭൂമി കൈയേറ്റം; സബ്ബ്കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്ന് ജില്ലാ കളക്ടര്‍

By Web deskFirst Published Jul 1, 2018, 9:58 AM IST
Highlights
  • ഹര്‍ജിക്കാരന് സ്വന്തം നിലപാട് വ്യക്തമാക്കാൻ സബ് കളക്ടർ സമയം അനുവദിച്ചില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

കൊച്ചി: ഇടുക്കി എംപി ജോയ്സ് ജോർജ് സർക്കാർ ഭൂമി കൈയേറിയെന്ന ആരോപണം അന്വേഷിക്കുന്ന സബ്ബ് കളക്ടർ പ്രേംകുമാറിന്റെ നടപടികളിൽ വീഴ്ച്ച പറ്റിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്.ദേവികുളം സബ് കളക്ടർ പ്രേംകുമാർ സ്വീകരിച്ച നടപടികൾ ചട്ടപ്രകാരമല്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. കളക്ടറുടെ റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഹര്‍ജിക്കാരന് സ്വന്തം നിലപാട് വ്യക്തമാക്കാൻ സബ് കളക്ടർ സമയം അനുവദിച്ചില്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടത്തുമ്പോൾ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് സബ് കളക്ടർക്ക് വ്യക്തമായ ധാരണയില്ല. കൈയേറ്റ ഭൂമിയിലെ ജോയ്സ് ജോർജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണ്. തനിക്കെതിരായ പരാതിയിൽ വിശദീകരണം നൽകാൻ എംപിക്ക് സബ്ബ് കളക്ടർ സമയം അനുവ​ദിച്ചില്ല. 

പാർലമെന്ററി കമ്മിറ്റി യോ​ഗമുള്ളതിനാൽ ​ഹിയറിം​ഗിന് ഹാജരാവാൻ സാധിക്കില്ലെന്ന് ജോയ്സ് ജോർജ്ജ് എംപി സബ്ബ് കളക്ടറെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് സമയം നീട്ടിനൽകിയില്ല. ഹാജരാകാൻ ആവശ്യപ്പട്ട ദിവസം ജോയ്സ് ജോർജ് പാർലമെന്‍ററി കമ്മിറ്റി യോഗത്തിലായിരുന്നെന്ന വാദം പരി​ഗണിക്കാതെയാണ് സബ് കളക്ടർ എംപിക്ക് സ്വന്തം ഭാ​ഗം വിശദീകരിക്കാനുള്ള അവസരം നിഷേധിച്ചത്. 

ഹൈക്കോടതിയുടെ പരി​ഗണനയിലുളള കേസിൽ കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചില്ലെങ്കിൽ അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അതിനാൽ കൃത്യമായ ചട്ടം പാലിച്ചുവേണം നടപടികൾ പൂർത്തിയാക്കാൻ എന്നും റിപ്പോർട്ടിൽ കളക്ടർ കുറിച്ചിട്ടുണ്ട്. 

എല്ലാ നടപടിക്രമങ്ങളും ഒരുവട്ടം കൂടി ആവർത്തിച്ച് പുനരന്വേഷണം നടത്താനാണ് റിപ്പോർട്ടിൽ കളക്ടർ നിർദേശിക്കുന്നത്. ഹർജിക്കാരുടെ ഭാ​ഗം സബ്ബ്കളക്ടർ കേൾക്കണം. എട്ട് ആഴ്ച്ചകൾക്കുള്ളിൽ എല്ലാ നടപടികളും പൂർത്തിയാക്കി റിപ്പോർട്ട്സമർപ്പിക്കാനും കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.  


 

click me!