ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ യുഎസ് ടോർപിഡോ ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെന്റഗൺ പുറത്തുവിട്ടു. ഈ സമയം 180 പേർ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 

കൊളംബോ: ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ആക്രമിക്കുന്നതിന്റെ ​ദൃശ്യങ്ങൾ പുറത്തുവിട്ട് പെന്റ​ഗൺ. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ മിസൈൽ ഉപയോ​ഗിച്ചാണ് ഐറിസ് ദേനയെ ആക്രമിച്ചത്. കപ്പലിലുണ്ടായിരുന്ന 87 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷിച്ചിരുന്നു.

കടലിൽ നങ്കൂരമിട്ടിരുന്ന കപ്പലിന് നേരെയുണ്ടായ അപ്രതീക്ഷിത ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഈ സമയം കപ്പലിൽ 180 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 1945ലെ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന.

Scroll to load tweet…

അതേസമയം, ഇറാന്റെ മറ്റൊരു കപ്പൽ കൂടി ആക്രമണ ഭീതിയിലായിരിക്കുകയാണ്. കൊളംബോ തുറമുഖത്തിന് 10 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന ഇറാന്റെ 'ബുഷെഹർ' എന്ന സൈനിക ടാങ്കറാണ് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധയിലേയ്ക്ക് എത്തിയിരിക്കുന്നത്. ഇതിനെയും അമേരിക്ക ആക്രമിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഐറിസ് ദേന മാത്രമല്ല ഇറാന്‍റെ 20ഓളം നാവിക കപ്പലുകൾ തകർത്തു എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇറാന്‍റെ നാവിക സേനയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് എവിടെയാണെങ്കിലും ഇറാൻ കപ്പലിന് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിക്കഴിഞ്ഞു.