താഴെ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കും: അമിത് ഷാ

By Web TeamFirst Published Jan 22, 2019, 8:22 PM IST
Highlights

താഴെ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഹബിബ്പൂരിലെ മാൾഡയിലെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊൽക്കത്ത: ബംഗാളിൽ ‌ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. താഴെ ഇറക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഹെലികോപ്ടറിലിരുന്ന് സംസാരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. മാൾഡയിലെ ഹബിബ്പൂരില്‍ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥയാത്രയ്ക്ക് പിന്നാലെ റാലികൾ നടത്തുന്നതിനും മമത സർക്കാർ അനുമതി നിഷേധിച്ചതായി ബിജെപി ആരോപിക്കുന്നു.

മമത ബാനർജി ഭയന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബംഗാളിൽ രഥയാത്ര നടത്താൻ അനുമതി നൽകില്ല. രഥയാത്രയ്ക്ക് അനുമതി നൽകിയില്ലെങ്കിൽ റാലികളും യോഗങ്ങളും നടത്തും. ബിജെപി ബംഗാളിലേക്ക് വരുന്നത്, നിങ്ങൾക്ക് ഒരിക്കലും തടയാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി മമത ബാനർജി ആരോപണങ്ങൾ തളളി രംഗത്തെത്തി. ഗോൾഡൻ പാർക്ക് ഹോട്ടലിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ ഹെലികോപ്ടര്‍ ഇറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

നേരത്തെ അമിത് ഷായുടെ നേതൃത്യത്തിൽ നടത്താനിരുന്ന രഥയാത്ര സുരക്ഷാ കാരണങ്ങളെ തുടർന്ന് ബംഗാൾ സർക്കാർ വിലക്കിയിരുന്നു. രഥയാത്ര നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയെങ്കിലും, യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
 
അതേസമയം ബംഗാളിൽ അമിത് ഷാ നയിക്കുന്ന റാലികൾക്ക് ഇന്ന് തുടക്കമായി. മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന വിശാലപ്രതിപക്ഷ ഐക്യറാലിക്ക് മറുപടി നൽകാനാണ് ബിജെപി ബംഗാളിൽ റാലികൾ സംഘടിപ്പിക്കുന്നത്. രഥയാത്രയ്ക്ക് പിന്നാലെ മമത സർക്കാർ റാലികൾ  തടയാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് അമിത് ഷാ ബംഗാളിൽ എത്തുന്നത്. ഇന്ന് മാൾഡയിലും നാളെ ബിർഭൂമിലും ജാർഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും. 24 ന് കൃഷണ നഗറിലും ജയ്നഗറിലും അമിത് ഷായ്ക്ക്  റാലികൾ ഉണ്ട്.

click me!