
എച്ച്.ഐ.വി ബാധിതർക്ക് ജീവിത പങ്കാളികളെ കണ്ടെത്താൻ മാട്രിമോണിയൽ വെബ്സൈറ്റ് ഒരുക്കി അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐ.ഐ.എം- എ). ഗുജറാത്തിലെ എൻ.ജി.ഒ ആയ ഗുജറാത്ത് സ്റ്റേറ്റ് നെറ്റ്വർക്ക് ഓഫ് പോസിറ്റീവ് പീപ്പിളിന് (ജി.എസ്.എൻ.പി.പി) വേണ്ടി ഐ.ഐ.എമ്മിലെ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഓഫ് ഹെൽത്ത് സർവീസിലെ ഒരു സംഘം ഗവേഷകരാണ് വെബ്പോർട്ടൽ വികസിപ്പിച്ചത്.
സംഘം കഴിഞ്ഞ ദിവസം വെബ്സൈറ്റിൻ്റെ രൂപകൽപ്പന പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. ജി.എസ്.എൻ.പി.പി നിലവിൽ എച്ച്.ഐ.വി പോസിറ്റീവ് ആയവരിൽ വിവാഹിതർ ആകാൻ ആഗ്രഹിക്കുന്നവരുടെ ഫയൽ സൂക്ഷിക്കുന്നുണ്ട്. എന്നാൽ 500 ഓളം പേരുടെ മാത്രം രജിസ്ട്രേഷൻ ഉള്ള ഈ സംവിധാനത്തിന് പരിമിതിയുണ്ടായിരുന്നു.
രാജ്യത്തെ ഒന്നടങ്കം എച്ച്.ഐ.വി പോസിറ്റീവ് ആയവർക്ക് സൗകര്യപ്പെടും എന്ന നിഗമനിത്തിലാണ് വെബ്പോർട്ടൽ എന്ന ആശയം കൊണ്ടുവന്നത്. ഇതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വിവിധതലങ്ങളിൽ വ്യാപകമായി ചർച്ച ചെയ്ത ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രസക്തമായ കേന്ദ്രങ്ങളിൽ നിന്ന് വരെ വെബിൻ്റെ രൂപകൽപ്പനയിൽ സഹായം സ്വീകരിച്ചിട്ടുണ്ടെന്ന് സെൻ്റർ ഫോർ മാനേജ്മെൻ്റ് ഒാഫ് ഹെൽത്ത് സർവീസ് ചെയർപേഴ്സണും ഫാക്കൽറ്റിയുമായ രാജേഷ് ചന്ദവാനി പറയുന്നു.
എച്ച്.ഐ.വി പോസിറ്റീവ് ആയവരുടെ പ്രതീക്ഷിത ആയൂർദൈർഘ്യം കൂടിവരികയാണ്. എച്ച്.ഐ.വി പോസിറ്റീവ് ആയവർക്ക് രജിസ്ട്രേഷൻ എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലാണ് വെബ് ഒരുക്കിയിരിക്കുന്നതെന്ന് ജി.എസ്.എൻ.പി.പി സ്ഥാപക അംഗം ദാക്സ പട്ടേൽ പറയുന്നു. വിവാഹ ബ്യൂറോ അവരുടെ ക്ഷേമത്തിനൊപ്പം ജീവിതത്തെ പോസിറ്റീവ് ആയി കാണുന്നതിനും വഴിയൊരുക്കുമെന്നും ചന്ദവാനി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam