
ഇടുക്കി: മൂന്നാറിലെ അതീവ പരിസ്ഥിതി ലോല മേഖലയിൽ സ്വകാര്യ ഹോട്ടലിനായി കോട്ടേജ് നിർമ്മിക്കുന്നത് സർക്കാർ അറിയാതെ. മൂന്നാറിലെ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് തമിഴ്നാട് ലോബിയുടെ നേതൃത്വത്തില്‍ ഈ നിർമ്മാണം നടക്കുന്നത്. ഡിറ്റിപിസിയുടെ ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കാനാണെന്ന പേരിൽ നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടറുടെ വിശദീകരണം.
മൂന്നാർ-ദേവികുളം റോഡിൽ ഗവൺമെന്‍റ് കോളേജിന്‍റെ താഴ്വശത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന്‍റെ ഒരു ബോർഡ് കാണാം. ഇതില്‍ ബോട്ടാണിക്കൽ ഗാർഡനായുളള കെട്ടിട സമുച്ചയ നിർമ്മാണത്തിന്റെ സ്കെച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. താഴെ തകൃതിയായി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
നിർമ്മിക്കുന്നത് ഹോട്ടലിനായുളള കോട്ടേജുകളും റോഡുമാണ്. കെഡിഎച്ച് വില്ലേജ് 62ബാർ 25 എന്ന സർവ്വേ നന്പറുളള ഈ റവന്യൂ ഭൂമിയിൽ ബോട്ടാണിക്കൽ ഗാർഡൻ നിർമ്മമാണത്തിന് ഭൂമി അനുവദിച്ചിട്ടില്ല. ദേവികുളം ആർഡി ഓയുടെ ഓഫീസിൽ വിവരാവകാശ അപേക്ഷ നൽകി അന്വേഷിച്ചപ്പോള്‍ മറുപടി ഈ സർവ്വേ നന്പറിൽ ബോട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കുന്നതിന് ആരെയും അനുവദിച്ചിട്ടില്ലെന്നും, മാത്രമല്ല ഈ സർവ്വേ നന്പറിൽ ഡിറ്റിപിസിക്ക് ഒരു തുണ്ട് ഭൂമി പോലും അനുവദിച്ചിട്ടില്ലെന്നും വിവരാവകാശരേഖ പറയുന്നു.
മനോജ് എന്നയാള്‍ പരാതി നൽകിയെങ്കിലും അനധികൃത നിർമ്മാണം നാളിതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മൂന്നാർ സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടറുടെ വിശദീകരണം. ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ് ഈ അനധികൃത നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഭൂമിയില്‍ നടക്കുന്നതെന്ന് വ്യക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam