തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രാഷ്ട്രീയ ആവശ്യം മാത്രം പരിഗണിച്ച് ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് സർക്കാർ വാദിച്ചു
കൊച്ചി: തൊണ്ടിമുതൽ കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീലിനെ ഹൈക്കോടതയിൽ എതിർത്ത് സർക്കാർ. തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നത് വിചാരണ കോടതി തെളിവ് സഹിതം കണ്ടെത്തിയതാണെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കരുതെന്നും കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനാണ് ആന്‍റണി രാജു ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് ആന്‍റണി രാജുവിന്‍റെ രാഷ്ട്രീയ ആവശ്യം മാത്രമാണ്. അസാധാരണ സാഹചര്യത്തിൽ മാത്രമാണ് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
തെളിവെന്തെന്ന് ഹൈക്കോടതി
നേരത്തെ കേസ് പരിഗണിച്ചപ്പോൾ ആന്‍റണി രാജുവാണ് തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതെന്നതിന് തെളിവെന്താണെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആന്‍റണി രാജുവാണെന്ന് കീഴ്കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നെടുമങ്ങാട് കോടതി വിധി മരവിപ്പിക്കണ ആന്‍റണി രാജുവിന്‍റെ ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹൈക്കോടതിയൽ അപ്പീൽ നൽകിയത്.

