
തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന്റെ മറവിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ തീവെട്ടിക്കൊള്ള. എൻട്രൻസ് കമ്മീഷണർ നിർദേശിച്ചതിലും കൂടുതൽ തുക ഫീസിനത്തിൽ ആവശ്യപ്പെട്ടാണ് കോളേജുകളുടെ കഴുത്തറപ്പ്. കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പല രക്ഷിതാക്കളും പ്രവേശന കാര്യത്തിൽ വലിയ ആശങ്കയിലാണ്. നാലു സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണം.
കോഴിക്കോട് നടക്കാവ് സ്വദേശിയായ രക്ഷിതാവ്, ആദ്യ അലോട്ട്മെന്‍റിൽ മകന് കൊല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ഉറപ്പായി. ഈ കോളേജിൽ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ നിശ്ചയിച്ച ഫീസ് അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ. ഒരു ലക്ഷം രൂപ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ ഡിഡി എടുക്കണം. ബാക്കി ഡിഡി കോളജിന്‍റെ പേരിൽ. രക്ഷിതാവ് പറഞ്ഞ കാര്യം അന്വേഷിക്കാൻ കോളേജിലേക്ക് വിളിച്ചു.
അഞ്ച് ലക്ഷത്തി അറുപതിനായിരത്തില്‍ ഒരു ലക്ഷം അവിടെ ഡിഡി എടുക്കണം. ബാക്കി 4.60 ലക്ഷം കോളേജില്‍ ഡിഡി എടുക്കണം. പിന്നെ രണ്ട് ലക്ഷം അദര്‍ ഫീയും ഉണ്ട്-... ഇതായിരുന്നു കോളജ് അധികൃതരുടെ മറുപടി.
ഒരു കോളജിൽ മാത്രമല്ല, മറ്റ് ചില കോളജുകളിലും അന്വേഷിച്ചു. മെഡിക്കൽ മിഷൻ കോലഞ്ചേരിയില്‍ ആവശ്യപ്പെട്ടത് എണ്‍പതിനായിരത്തി എണ്‍പത് രൂപ. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആവശ്യപ്പെട്ടത് ഹോസ്റ്റള്‍ ഫീ അടക്കം രണ്ട് ലക്ഷത്തി പതിനായിരം രൂപ. പാലക്കാട് കരുണ മെഡിക്കൽ കോളജില്‍ തൊണ്ണൂറ്റി ഏഴായിരത്തി ഒരുനൂറ്റി നാല്‍പത് രൂപ വരും.
ഇപ്പോൾ പൂർത്തിയായത് ആദ്യ അലോട്ട്മെൻറ്. രണ്ടാം അലോട്ട്മെൻറിൽ വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ മറ്റ് കോളേജുകളിലേക്ക് മാറാം. അത് കൊണ്ട് തന്നെ ഹോസ്റ്റൽ ഫീസ്, സ്പെഷ്യൽ ഫീസ് ലാബ് ഫീ എന്നീ പേരിലുള്ള മറ്റ് ഫീസുകൾ ഇപ്പോൾ ഈടാക്കരുത്. ഇക്കാര്യം പ്രവേശന പരീക്ഷാ കമ്മീഷണറും സ്ഥിരീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam