100 മണിക്കൂറിനുള്ളില്‍  ഒരു കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടി

By web deskFirst Published Mar 4, 2018, 11:28 PM IST
Highlights
  • നെടുമ്പാശ്ശേരിയില്‍ സ്വര്‍ണക്കടത്ത് തുടരുന്നു.
  • മൂന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു
  • പിടികൂടിയത് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം
  • 100 മണിക്കൂര്‍ കസ്റ്റംസിന്റെ മിന്നല്‍ പരിശോധന

കോഴിക്കോട്:  100 മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. മുന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു. കസ്റ്റംസ് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9 കേസുകളിലും സ്വര്‍ണം കടക്കാനുള്ള ശ്രമം ഏറെക്കുറെ ഒരുപോലെയാണ്. ശരീരത്തിലും തുണികളിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

പ്രാഥമിക പരിശോധനയില്‍ യാതൊരു സംശയവും തോന്നാത്ത വിധമുള്ള സ്വര്‍ണക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. അടിവസ്ത്രങ്ങളിലും, മലദ്യാരത്തിലും, ഷൂസിലുമൊക്കെ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താനുള്ള ശ്രമം. ശനിയാഴ്ച രാത്രി ദുബായിയില്‍ നിന്ന് കൊച്ചിയിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 1,140 ഗ്രാം സ്വര്‍ണം. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം പോളിത്തീന്‍ കവറിലാക്കി അരയില്‍ ചുറ്റിയ നിലയിലായിരുന്നു. സംശയം തോന്നി പിടിച്ചെടുത്ത പാക്കറ്റിനുള്ളിലുള്ളത് സ്വര്‍ണമാണെന്ന് വിദ്ഗധ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്.

ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് സ്വര്‍ണക്കടത്തുകാര്‍ സജീവമായെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. പരിശോധന കര്‍ശനമായപ്പോള്‍ ഓരോ തവണയും വ്യത്യസ്ത മാര്‍ഗ്ഗങ്ങളാണ് സ്വര്‍ണക്കടത്തിന് പരീക്ഷിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം 15 കിലോ സ്വര്‍ണം പിടികൂടിയതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
 

click me!