
തൃശൂര്‍: വികസനത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന പാതയോരത്തെ വന്‍ തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നു. തൃശൂര്‍ കാഞ്ഞാണി-വാടാനപ്പള്ളി റോഡിലാണ് മരംമുറി വ്യാപകം. കൊടുംചൂടില്‍ നിന്നും റോഡിലെ വാഹനമലിനീകരണത്തില്‍ നിന്നെല്ലാം ആശ്വാസമാണ് ഈ വഴിയിലെ തണല്‍മരങ്ങളെല്ലാം. ഒളരി ചേറ്റുപുഴ മുതല്‍ കാഞ്ഞാണി പാടം വരെയായി ചെറുതും വലുതുമായി നൂറോളം മരങ്ങളുണ്ട്. ഇതില്‍ നൂറ്റാണ്ട് പിന്നിട്ട വന്‍ തണല്‍മരങ്ങള്‍ മുപ്പതോളം വരും.
വേനല്‍ക്കാലത്തെ കടുത്ത ചൂടിന് മാത്രമല്ല, മഴക്കാലത്തും ആളുകള്‍ക്ക് കുടപോലെ ആശ്വാസമായി നില്‍ക്കുന്ന മരങ്ങള്‍ കൂടിയാണ് ഇവ. നന്നായി മാങ്ങയുണ്ടാവുന്ന വിവിധ ഇനം മാവുകളും റോഡരികില്‍ ധാരാളമാണ്. കഴിഞ്ഞ ദിവസം മുതല്‍ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങി. ചേറ്റുപുഴ മുതല്‍ മനക്കൊടി വരെയായാണ് മാവ് അടക്കമുള്ള വന്‍ തണല്‍ മരങ്ങള്‍. ആറാംകല്ലിനും കാഞ്ഞാണി ജംഗ്ഷനുമിടയിലെ കാഞ്ഞാണി പാടശേഖരത്താണ് പിന്നെ തണല്‍ മരങ്ങള്‍ ഉള്ളത്. ഇവിടെയുള്ളത് അക്വേഷ്യ അടക്കമുള്ളവയാണ്.
പരിസ്ഥിതി കടുത്ത ആശങ്ക നേരിടുമ്പോള്‍ മരം മുറിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിസ്ഥിതി സ്‌നേഹികള്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നില്ലാത്തതും വച്ചുപിടിപ്പിച്ചാല്‍ തന്നെ വളര്‍ന്ന് വരാനെടുക്കുന്ന കാലവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍, മരം നില്‍ക്കുന്നത് വരെയുള്ള ഭാഗം വരെയായി റോഡ് വീതി കൂട്ടിയെടുത്ത് തണല്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.
മരങ്ങള്‍ മുറിച്ചുനീക്കുമ്പോഴും റോഡില്‍ ഗതാഗതത്തിന് തടസമായി നിലകൊള്ളുന്ന ഇലക്ട്രിക്, ടെലിഫോണ്‍ കാലുകളൊന്നും തന്നെ ഓരത്തേക്ക് മാറ്റി സ്ഥാപിക്കുന്നുമില്ല. റോഡ് വികസനത്തിനായുണ്ടാക്കിയ അശാസ്ത്രീയ മാര്‍ഗരേഖ പുതുക്കി വികസനം സാധ്യമാക്കണമെന്നാണ് ഇവരുടെ അഭിപ്രായം. 2011 ലാണ് റോഡ് സംസ്ഥാനപാതയാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. അന്ന് റോഡിന്റെ വീതി 22 മീറ്ററാക്കണമെന്നാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2015 ല്‍ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ജനങ്ങളുടെ ആവശ്യപ്രകാരം റോഡിന്റെ വീതി 17 മീറ്റര്‍ മതിയെന്ന് ഏകകണ്ഠമായി
തീരുമാനിക്കുകയായിരുന്നു.
റോഡ് വീതികൂട്ടാന്‍ പുറമ്പോക്ക് കൈയ്യേറിയവരുടെ ഭൂമി 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒഴിപ്പിച്ചതാണ്. നിലവിലെ വീതി ഏഴ് മീറ്ററാണ്. അത് 12 മീറ്ററാക്കി വീതി കൂട്ടി ടാറിടുകയും ബാക്കി സ്ഥലത്ത് ഡ്രെയിനേജും കലുങ്കും നിര്‍മ്മിക്കുന്നതാണ് സംസ്ഥാനപാതയിലെ റോഡ് വികസനത്തിന് തയ്യാറാക്കിയിട്ടുള്ള പദ്ധതി. ഏറെക്കാലമായി കാഞ്ഞാണി റോഡ് വികസനം രാഷ്ട്രീയപാര്‍ട്ടികളുടെ പോരിനുള്ള ആയുധമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കുന്നത് തര്‍ക്കത്തിലെത്തി പകുതിവഴിയില്‍ നിന്നു.
ഭരണകാലാവധി അവസാനിക്കും മുമ്പേ റോഡ് നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെത്തി നിര്‍വഹിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ ഉദ്ഘാടന ചടങ്ങ് ഏറെ ആക്ഷേപങ്ങള്‍ക്ക് വിധേയമായി. ഇതിനിടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സമരവും നടന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോണ്‍ഗ്രസ് തനിച്ച് സമരം നടത്തിയതോടെ സംയുക്ത സമിതിയില്‍ വിള്ളല്‍ വീണു. റോഡിലെ കുഴികളില്‍ വീണ് മനുഷ്യജീവനുകള്‍ പൊലിഞ്ഞതോടെയാണ് റോഡ് വികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് തനിച്ച് സമരം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam