
ദില്ലി: ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പപേക്ഷിച്ച് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണ. മന്ത്രി പരസ്യമായി മാപ്പുപറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയതോടെയാണ് നടപടി. ഡോ. രുദ്രേഷ് കുട്ടിക്കറിനോട് ക്ഷമാപണം നടത്തിയെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിയിച്ചത്. അതേസമയം അധികാരം ദുരുപയോഗിച്ച ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ ഒരു മുതിർന്ന ഡോക്ടറോട് ദേഷ്യപ്പെടുകയും സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ശനിയാഴ്ച ബാംബോലിമിലുള്ള ജിഎംസിഎച്ചിൽ മന്ത്രി മിന്നൽ സന്ദർശനനം നടത്തുകയായിരുന്നു. ഒരു ഡോക്ടർ രോഗിയെ ചികിത്സിക്കാൻ വിസമ്മതിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന ഒരു പരാതി ഫോണിൽ ലഭിച്ചതിനെ തുടർന്നാണ് എത്തിയതെന്നാണ് മന്ത്രി പറഞ്ഞത്.
മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പാട്ടിലിനൊപ്പം കാഷ്വാലിറ്റി വാർഡിലേക്ക് എത്തിയ വിശ്വജിത് റാണെ ഡോക്ടറോട് കയര്‍ത്തു സംസാരിക്കുന്നത് വീഡിയോയിൽ കേള്‍ക്കാം. 'നിങ്ങൾ നിങ്ങളുടെ നാവ് നിയന്ത്രിക്കാൻ പഠിക്കൂ, നിങ്ങൾ ഒരു ഡോക്ടറാണ്' എന്ന് മന്ത്രി പറയുന്നു. സാധാരണയായി താൻ ദേഷ്യപ്പെടാറില്ല, പക്ഷേ നിങ്ങൾ മാന്യമായി പെരുമാറണം. എത്ര തിരക്കുണ്ടെങ്കിലും രോഗികളോട് മാന്യമായി പെരുമാറണം എന്നും മന്ത്രി പറയുന്നുണ്ട്.
'അദ്ദേഹത്തിന് പകരം മറ്റൊരു സിഎംഒയെ വെക്കൂ, ഞാൻ അദ്ദേഹത്തിന്‍റെ സസ്പെൻഷൻ ഫയലിൽ ഒപ്പിടും. അദ്ദേഹത്തെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് എനിക്കുണ്ട്. ഞാൻ സാധാരണയായി മോശമായി പെരുമാറാറില്ല, പക്ഷേ ഇത് എനിക്ക് സഹിക്കാൻ കഴിയില്ല' എന്ന് ഡോ. രാജേഷ് പാട്ടിലിനോടായും മന്ത്രി പറയുന്നുണ്ട്. തുടര്‍ന്ന് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധം കടുത്തതിനെ തുടര്‍ന്നാണ് മന്ത്രി ഇപ്പോള്‍ മന്ത്രി മാപ്പ് പറഞ്ഞിരിക്കുന്നത്.