ദോക്‌ലാം: ഇന്ത്യ-ചൈനാ സേനാ പിന്മാറ്റം തുടങ്ങി

By Web DeskFirst Published Aug 28, 2017, 10:19 PM IST
Highlights

ദില്ലി : ഇന്ത്യാ ചൈന സംഘര്‍ഷത്തിന് അയവു വരുത്തി ദോക്ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാപിന്‍മാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്. അതേസമയം ദോക്ലാമില്‍ പട്രോളിംഗ് തുടരുമെന്ന് ചൈന വ്യക്തമാക്കി.

വന്‍ കരസേനാ സന്നാഹവും ആധുനിക നിര്‍മ്മാണ സാമഗ്രികളുമായി ഇന്ത്യാ-ചൈനാ-ഭൂട്ടാന്‍ ട്രൈജംഗ്ഷനിലെ ദോക്ലാമില്‍ ചൈന റോഡ് നിര്‍മ്മാണത്തിന് ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായത്. ജൂണ്‍ പതിനാറിന് ഇന്ത്യന്‍ സേന ചൈനയുടെ ശ്രമം തടഞ്ഞ് ഇവിടെ നിലയുറപ്പിച്ചു. ഇന്ത്യ പിന്‍മാറിയില്ലെങ്കില്‍ യുദ്ധത്തിന് മടിക്കില്ലെന്ന് ചൈന മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ ജി 20 ഉച്ചകോടിക്കിടെ ഷി ജിന്‍പിങിനെ കണ്ടതു മുതല്‍ നയതന്ത്രതലത്തിലെ പരിഹാരത്തിനായിരുന്നു ഇന്ത്യയുടെ ശ്രമം. ഇത് വിജയിച്ചു എന്ന പ്രഖ്യാപനമാണ് ഇന്ന് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് ഉണ്ടായത്. നയതന്ത്ര ശ്രമങ്ങള്‍ക്കൊടുവില്‍ അതിര്‍ത്തിയില്‍ നിന്ന് സേനാ പിന്‍മാറ്റം തുടങ്ങിയതായി ഇന്ത്യയുടെ പ്രസ്താവന പറയുന്നു. ഇരു രാജ്യങ്ങളുടെയും സേന പിന്‍മാറി തുടങ്ങി എന്ന് ഇന്ത്യ വൈകിട്ട് വിശദീകരിച്ചു. അതേസമയം ഇന്ത്യ പിന്‍മാറ്റം തുടങ്ങിയെന്നും ചൈന മേഖലയില്‍ പെട്രോളിംഗ് തുടരുമെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. റോഡ് നിര്‍മ്മാണത്തിനുള്ള സന്നാഹം പിന്‍വലിക്കാമെന്ന് ചൈന ഇപ്പോള്‍ സമ്മതിച്ചത് വിജയമാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ചൈനയുടെ പെട്രോളിംഗിനോട് ഇന്ത്യയ്ക്ക് എതിര്‍പ്പില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനീസ് പട്ടണമായ ഷിയാമെന്നനിലേക്ക് തിരിക്കും മുമ്പാണ് ഈ ഒത്തുതീര്‍പ്പ് ഉണ്ടായിരിക്കുന്നത്.

click me!