
ദില്ലി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നത് 277 വ്യാജ എൻജിനീയറിംഗ് കോളജുകൾ. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി സത്യപാൽ സിംഗ് ലോക്സഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശങ്ങളുള്ളത്. 66 വ്യാജ എൻജിനീയറിംഗ് കോളജുകളുമായി രാജ്യതലസ്ഥാനമായ ദില്ലിയിലാണ് വ്യാജൻമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
തെലങ്കാന-35, പശ്ചിമ ബംഗാൾ-27, കർണാടക-23, ഉത്തർപ്രദേശ്-22, ഹരിയാന-18, മഹാരാഷ്ട്ര-16, തമിഴ്നാട്-11, ഗുജറാത്ത്-8, ആന്ധ്രാ പ്രദേശ്-7, ചണ്ഡിഗഡ്-7, പഞ്ചാബ്-5, രാജസ്ഥാൻ-3, ഉത്തരാഖണ്ഡ്-3 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വ്യാജ എൻജിനീയറിംഗ് കോളജുകളുടെ കണക്ക്. ഈ കോളജുകളിലെ കോഴ്സുകൾക്ക് ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യൂക്കേഷൻ കൗണ്‍സിലിന്റെ അംഗീകാരമില്ല.
ഇത്തരം കോളജുകളോട് അംഗീകാരം നേടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറിച്ചായാൽ അടച്ചുപൂട്ടേണ്ടിവരുമെന്നു മുന്നറിയിപ്പ് നൽകിയതായും കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു. ഇന്ത്യയിലെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി അടുത്തിടെ പുറത്തുവിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam