
അസാധാരണ നടപടിയിലൂടെ പാക്കിസ്ഥാന്റെ മണ്ണില്‍ കടന്നുകയറി ഇന്ത്യ മിന്നലാക്രമണം നടത്തിയതിന്റെ വിവരങ്ങള്‍ 12 മണിക്ക് കരസേനയും വിദേശകാര്യ മന്ത്രാലയവും സംയുക്ത വാര്‍ത്തസമ്മേളനം വിളിച്ചാണ് പുറത്തുവിട്ടത്. കരസേനയുടെ പ്രത്യേക കമാണ്ടോ ഓപ്പറേഷന്‍ ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷമാണ് തുടങ്ങിയത്. പാക് അധിനിവേശ കശ്‍മീരിലെ എട്ട് ഭീകര ക്യാമ്പുകളെക്കുറിച്ച് മുന്‍കൂട്ടി വിവരം ശേഖരിച്ച കരസേന ഇവ ലക്ഷ്യമാക്കി നീങ്ങി. പുലര്‍ച്ച 1.30ഓടെ നിയന്ത്രണരേഖ കടന്ന കരസേന കമാന്റോകള്‍ 500 മീറ്റര്‍ മുതല്‍ 2 കിലോമീറ്റര്‍ വരെ പാക്കിസ്ഥാന് ഉള്ളിലെത്തി ഭീകരക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഏഴ് ഭീകരക്യാമ്പുകള്‍ ഈ ഓപ്പറേഷനില്‍ തകര്‍ത്തു. ഭീകരക്യാമ്പുകള്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ചില പാക് സൈനിക ക്യാമ്പുകളും ഇന്ത്യന്‍ കരസേനക്ക് തകര്‍ക്കനായി. ഹെലികോപ്റ്ററുകളും ഓപ്പറേഷന് ഉപയോഗിച്ചുവെന്നാണ് സൂചന. നിയന്ത്രണ രേഖയില്‍ സൈനികരെ ഹെലികോപ്റ്ററുകള്‍ വഴി എത്തിച്ചു. നാല് മണിക്കൂര്‍ നീണ്ടുനിന്ന ഈ ആക്രമണത്തിന് ശേഷം ഇന്ത്യയുടെ കമാണ്ടോകള്‍ സൂര്യനുദിക്കുംമുമ്പേ ജമ്മുകശ്‍മീരിലെ സൈനിക താവളങ്ങളില്‍ തിരിച്ചെത്തി.
38 ഭീകരരെ ഈ ഓപ്പറേഷനില്‍ വധിക്കാനായി എന്നാണ് കരസേനയുടെ പ്രാഥമിക വിലയിരുത്തല്‍. ഓപ്പറേഷന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും കരസേന വ്യക്തമാക്കി. പാക്കിസ്ഥാന് നിയന്ത്രിത അളവിലുള്ള തിരിച്ചടി എന്ന നിലക്കാണ് ഈ മിന്നലാക്രമണം ആസൂത്രണം ചെയ്തത്. ഇന്ത്യന്‍ നഗരങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് വധിച്ചതെന്നും അതിര്‍ത്തി കടന്നുള്ള ഈ ഓപ്പറേഷന്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കരസേന അറിയിച്ചു. പ്രധാനമന്ത്രയുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ദോവലും ഇന്നലെ രാത്രി മുഴുവന്‍ ഈ സൈനിക ഓപ്പറേഷന്‍ നിരീക്ഷിച്ചു. ഓപ്പറേഷന്‍ തീര്‍ന്ന ഉടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് സുരക്ഷകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതി യോഗം വിളിച്ച ശേഷമാണ് ഒപ്പറേഷന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam