ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം

തിരുവനന്തപുരം: കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപകടകരമായ വിഘടനവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ രേഖ നൽകാനുള്ള നീക്കത്തെ നിയമപരമായി പ്രതിരോധിക്കും. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നടപ്പാക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യമാണ്. ജനങ്ങളിൽ അനാവശ്യമായ ഭയം വിതറി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ചിലയിടങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ജനങ്ങളുടെ മനസിൽ ഭീതിപരത്തുകയാണ് മുഖ്യമന്ത്രി. പാലക്കാട് നടന്ന അക്രമത്തെ ബിജെപിയുടേയും ആർ എസ് എസിന്റെയും തലയിൽ കെട്ടിവെയ്ക്കാൻ നോക്കേണ്ട. ജനപിന്തുണ നഷ്ടമായാൽ അതു തിരിച്ചു പിടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ല ഭരണം കാഴ്ചവെയ്ക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ആശങ്ക പരത്തുന്ന രീതി മുഖ്യമന്ത്രി പദവിക്ക് ചേർന്നതല്ല. കേരളം കേന്ദ്രത്തിൽ നിന്നും സാമ്പത്തിക ഉപരോധം നേരിടുന്നുവെന്ന പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി, തന്റെ ഭരണകാലത്ത് കടം മേടിച്ച് മാത്രമാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത് എന്ന സത്യം മറച്ചുപിടിക്കുകയാണ്. രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം നേരിടുന്ന സംസ്ഥാനമാണ് കേരളം. ജനങ്ങളുടെ യഥാർത്ഥപ്രശ്നങ്ങൾ പരിഹരിക്കാനുള്ള യാതൊരു ശ്രമങ്ങളും മുഖ്യന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും പാക്കിസ്ഥാനും മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കേൾക്കുന്നതെന്നും കോൺഗ്രസിന്റെ രാജ്യവിരുദ്ധ നിലപാടുകളെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളയുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ 'നേറ്റിവിറ്റി കാർഡ്' കാർഡ് പ്രഖ്യാപനം

കേരളത്തിൽ സ്വന്തം അസ്തിത്വവും സ്ഥിരതാമസവും തെളിയിക്കാൻ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പുതിയ വ്യക്തിഗത രേഖയായ 'നേറ്റിവിറ്റി കാർഡ്' നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതനുസരിച്ച്, ഫോട്ടോ പതിപ്പിച്ച ഈ കാർഡ് നിയമപരമായ പിന്തുണയോടുകൂടിയ ആധികാരിക രേഖയായിരിക്കും. ഇത് കേരളത്തിൽ ജനിച്ചു ജീവിക്കുന്നവരോ സ്ഥിരതാമസക്കാരോ എന്ന് എളുപ്പത്തിൽ തെളിയിക്കാൻ സഹായിക്കും. നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരമായി എക്കാലവും ഉപയോഗിക്കാവുന്ന ഈ കാർഡ് സംസ്ഥാന സർക്കാർ സേവനങ്ങൾക്കും മറ്റു സാമൂഹിക ആവശ്യങ്ങൾക്കും ഗുണഭോക്തൃ തിരിച്ചറിയലിനായി ഉപയോഗിക്കാവുന്നതായിരിക്കും. തഹസിൽദാർമാർ വഴിയാകും വിതരണം നടത്തുകയെന്നും മുഖ്യമന്ത്രി വിവരിച്ചു.