ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിന് ഇന്ത്യയുടെ സമ്മര്‍ദം

By Asianet NewsFirst Published Jun 4, 2016, 1:24 AM IST
Highlights

ദില്ലി: അഞ്ചു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ആണവ വിതരണഗ്രൂപ്പിലെ(എന്‍എസ്ജി) അംഗത്വത്തിനു ശക്തമായ സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയുടെ നീക്കം. എന്‍എസ്ജി  അംഗങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡും മെക്‌സിക്കോയും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത് ഈ ലക്ഷ്യത്തോടെയാണെന്നാണു സൂചന.

2008ല്‍ ഇന്ത്യ - അമേരിക്ക ആണവകരാര്‍ ചൂണ്ടിക്കാട്ടി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ വീഴ്ത്താന്‍ വിശ്വാസപ്രമേയത്തിനെതിരെ ബിജെപി വോട്ടു ചെയ്തിരുന്നു. എട്ടു വര്‍ഷത്തിനിപ്പുറം അതേ ആണവകരാര്‍ ചൂണ്ടിക്കാട്ടി ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വത്തിനായി തിരക്കിട്ട നീക്കത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. അമേരിക്കയുമായുള്ള കരാര്‍ നടപ്പാക്കിയതും ആണവോര്‍ജ്ജ ഉത്പാദനത്തിന് കൂടുതല്‍ റിയാക്ടര്‍ സ്ഥാപിക്കുന്നതുമൊക്കെയാണ് 48 രാജ്യങ്ങള്‍ അംഗമായ ആണവവിതരണ ഗ്രൂപ്പില്‍ ചേരാന്‍ ഇന്ത്യ ആയുധമാക്കുന്നത്.

കഴിഞ്ഞ മാസം 12ന് ഇതിനായി ഇന്ത്യ നല്‍കിയ അപേക്ഷ ഈ മാസം 24നു സോളില്‍ ചേരുന്ന എന്‍എസ്ജി രാജ്യങ്ങളുടെ യോഗം പരിഗണിച്ചേക്കും. ഇക്കുറി സന്ദര്‍ശനത്തിനു മോദി തയാറെടുത്ത അഞ്ചു രാജ്യങ്ങളില്‍ മൂന്നും എന്‍സ്ജി അംഗങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയ്ക്കു വേണ്ടി മറ്റു രാജ്യങ്ങളോട് സംസാരിക്കാമെന്ന് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതോടൊപ്പം സ്വിറ്റ്‌സര്‍ലന്റും മെകിസിക്കോയും ഇത്തവണ തിരക്കിട്ട് സന്ദര്‍ശിക്കാനും എന്‍എസ്ജി അംഗത്വമാണ് മോദിയെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യ എന്‍എസ്ജി അംഗത്വം നേടിയാല്‍ രാജ്യാന്തര നയതന്ത്രത്തില്‍ നരേന്ദ്ര മോദിക്ക് അത് വന്‍ നേട്ടമാകും. അമേരിക്കയ്ക്കും സ്വിറ്റ്‌സര്‍ലന്റിനും മെക്‌സിക്കോയ്ക്കും പുറമെ ഖത്തറും അഫ്ഗാനിസ്ഥാനും മോദി സന്ദര്‍ശിക്കുന്നുണ്ട്. യുഎഇക്കും സൗദിക്കും ശേഷം മോദി എത്തുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. അമേരിക്കന്‍ പ്രതിനിധിസഭകളുടെ സംയുക്ത യോഗത്തെ മോദി ഏഴാം തിയതി അഭിസംബോധന ചെയ്യും.

click me!