മലപ്പുറം പുൽപ്പറ്റയിൽ ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതിന് പകരം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വിതരണം ചെയ്തു. സർക്കാർ ഉത്തരവ് ലംഘിച്ച്, പ്രായമായവരെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം നൽകിയെന്നും ഇതിനായി സർക്കാർ അനുവദിച്ച അധിക തുക നേതാക്കൾ കൈപ്പറ്റിയെന്നും സിപിഎം കുറ്റപ്പെടുത്തി.
തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകണമെന്ന സർക്കാർ ഉത്തരവ് യുഡിഎഫ് കാറ്റിൽപ്പറത്തിയെന്ന് സിപിഎം. മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് പെൻഷൻ വിതരണം നടത്തിയത്. മലപ്പുറം പുൽപ്പറ്റയിലെ കാരാപ്പറമ്പിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള പെൻഷൻ ഗുണഭോക്താക്കളെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി പണം വിതരണം ചെയ്തത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.
പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ അക്ബർ, പഞ്ചായത്ത് പ്രസിഡന്‍റ് എൻ കെ ഫൗസിയ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹി വാഹിദ് എന്നിവരുടെ നേതൃത്വത്തിലാണ് പെൻഷൻ വിതരണം നടത്തുന്നത്. പെൻഷൻ തുക ഗുണഭോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നതിനായി വിതരണ ഏജന്‍റിന് 25 രൂപയും ബാങ്കിന് അഞ്ച് രൂപയും ഉൾപ്പെടെ 30 രൂപ വീതം ഓരോ പെൻഷനിലും സർക്കാർ അധികമായി അനുവദിക്കുന്നുണ്ട്.
എന്നാൽ ഈ തുക വാങ്ങി പോക്കറ്റിലിട്ടാണ് പെൻഷൻ വേണമെങ്കിൽ പാർട്ടി ഓഫീസിലേക്ക് വരണമെന്ന നിലപാട് ഇവർ സ്വീകരിച്ചത്. മുൻപ് എൽഡിഎഫ് ഭരണകാലത്ത് പെൻഷൻ തുക കൃത്യമായി ജനങ്ങളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകുന്ന സുതാര്യമായ സംവിധാനമാണുണ്ടായിരുന്നതെന്ന് സിപിഎം വ്യക്തമാക്കി. പെരുന്നാളിന് മുന്നേ നൽകുമെന്ന് പ്രഖ്യാപിച്ച പെൻഷൻ പെരുന്നാൾ കഴിഞ്ഞിട്ടും ലഭിക്കാതിരുന്ന സാഹചര്യമുണ്ടായിരുന്നതിനാൽ, ഗുണഭോക്താക്കൾ മറിച്ചൊന്നും പറയാതെ പണം കൈപ്പറ്റാൻ എത്തുകയായിരുന്നു. ജനങ്ങളുടെ ഈ സാഹചര്യം മുതലെടുത്ത്, സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ ജനങ്ങളെ ക്യൂ നിർത്തിച്ച ലീഗ്-കോൺഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.


