
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണം വിലയിരുത്താന്‍ രണ്ടു ദിവസത്തെ കെപിസിസി ക്യാംപ് എക്‌സിക്യുട്ടീവിന് ഇന്നു തുടക്കം. തെരഞ്ഞെടുപ്പു തോല്‍വിയെച്ചൊല്ലി നേതാക്കള്‍ പരസ്പരം പരസ്യമായ പഴിചാരുന്നതിനിടെയാണു യോഗം ചേരുന്നത്. നെയ്യാര്‍ ഡാമിലെ ക്യാംപില്‍ പൊട്ടിത്തെറിയും വാക്‌പ്പോരും ഉറപ്പാണ്.
പതിവു ശൈലിയില്‍ ആയിരിക്കില്ല വിമര്‍ശന മുനകള്‍. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വി.എം. സുധീരന്‍, സര്‍ക്കാരിനെ നയിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ ഒരു പോലെ പരാജയത്തിനു കാരണക്കാരാണെന്ന വിമര്‍ശനം ശക്തമായി നിലനില്‍ക്കെയാണു രണ്ടു ദിവസത്തെ ക്യാംപ് എക്‌സിക്യുട്ടീവ്. നിലവില്‍ മൂന്നുപേരും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പരസ്യമായി പറയുന്നുണ്ടെങ്കിലും ഗ്രൂപ്പുകള്‍ക്കു തമ്മിലും, ഗ്രൂപ്പുകള്‍ക്ക് വി.എം. സുധീരനെതിരേയും ഉന്നയിക്കാന്‍ ആരോപണങ്ങളേറെയാണ്.
വിജയ സാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥികളെ നേതാക്കളുടെ താല്‍പര്യം മാത്രം പരിഗണിച്ചു നിര്‍ത്തി, ഗ്രൂപ്പ് തര്‍ക്കം തുടങ്ങിയ പതിവു വിമര്‍ശനങ്ങള്‍ക്കൊപ്പം കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്റെ നിലപാടാണ് അഴിമതി പ്രശ്‌നം സജീവമാക്കിയെന്നതും എ,ഐ ഗ്രൂപ്പുകള്‍ പരാതിയായി ഉന്നയിക്കും. മദ്യനയം ഗുണം ചെയ്തില്ല, സംഘടനാ രംഗത്ത് വിള്ളലുണ്ടാക്കി തുടങ്ങിയ ആരോപണങ്ങളും സുധീരനെതിരെ ഗ്രൂപ്പുകള്‍ ഉയര്‍ത്താം.
അഴിമതി, ബിജെപി-ബിഡിജെഎസ് സഖ്യത്തെ നേരിടുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയരാവുന്ന വിമര്‍ശനങ്ങള്‍. ഭരണ വിരുദ്ധ വികാരം തിരിച്ചറിയാതെ അമിത ആത്മവിശ്വാത്തിലുള്ള പ്രവര്‍ത്തനം തിരിച്ചടിയായെന്നും സുധീര വിഭാഗത്തിന്റെ വിമര്‍ശനമുണ്ട്. ജിഷ വധക്കേസ് അന്വേഷണം മനപ്പൂര്‍വം വൈകിപ്പിച്ച് തുടര്‍ഭരണ സാധ്യത ഇല്ലാതാക്കിയത് ഐ ഗ്രൂപ്പ് നേതൃത്വമാണെന്ന വികാരം മറ്റുള്ളവര്‍ക്കുണ്ട്.
അമ്പലപ്പുഴ ഉള്‍പ്പെടെ നല്ല മല്‍സരം കാഴ്ചവയ്ക്കാവുന്ന സീറ്റുകള്‍ ഒരു മണ്ഡലം കമ്മറ്റി പോലും മണ്ഡലത്തിലില്ലാത്ത ഘടകകക്ഷികള്‍ക്കു നല്‍കി തോല്‍വി ചോദിച്ചുവാങ്ങിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. നേമത്തെ ദയനീയ പരാജയവും ബിജെപിയുടെ വോട്ട് വര്‍ധനയും മറ്റൊരു ചര്‍ച്ച വിഷയമാകും.
വനിതകളെ വെറും വെള്ളം കോരികളും വിറകുവെട്ടികളുമാക്കിയെന്ന ആരോപണവുമായി സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയും സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാനുമടക്കമുള്ളവരും നേതൃത്വതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam