ഷെറിൻ വധം: മാതാപിതാക്കളുടെ പൗരത്വം ഇന്ത്യ റദ്ദാക്കും

By Web TeamFirst Published Sep 8, 2018, 10:21 PM IST
Highlights

ഷെറിനെ ദത്തെടുത്ത വെസ്‍ലി മാത്യൂസ്, ഭാര്യ സിനി മാത്യൂസ് ദമ്പതികളുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒസിഐ കാർഡുകളാണ് റദ്ദാക്കുകയെന്ന് ഹോസ്റ്റണിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അനുപം റേ വ്യക്തമാക്കി.

ഹോസ്റ്റൺ: വളര്‍ത്തുമകളെ കൊലപ്പെടുത്തിയ അമേരിക്കയില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഓവര്‍സീസ് സിറ്റസണ്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒസിഐ) റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഷെറിനെ ദത്തെടുത്ത വെസ്‍ലി മാത്യൂസ്, ഭാര്യ സിനി മാത്യൂസ് ദമ്പതികളുടെ അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒസിഐ കാർഡുകളാണ് റദ്ദാക്കുകയെന്ന് ഹോസ്റ്റണിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അനുപം റേ വ്യക്തമാക്കി.

വെസ്‍ലി മാത്യൂസിന്റെ കുടുംബ സുഹൃത്തുക്കളായ മനോജ് എൻ അബ്രഹാം, നിസ്സി ടി അബ്രഹാം എന്നിവർക്കാണ് ഒസിഐ കാർഡുകൾ  റദ്ദാക്കിയത് സംബന്ധിച്ച നോട്ടീസ് ആദ്യമായി ലഭിച്ചത്. ഇതുസംബന്ധിച്ച് ഇവർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. വെസ്‍ലിയുടെ മാതാപിതാക്കളും ഒസിഐ റദ്ദാക്കല്‍ പട്ടികയിലുണ്ട്.  വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമാണ് ഓവര്‍സീസ് സിറ്റസണ്‍ഷിപ്പ് ഓഫ് ഇന്ത്യ(ഒസിഐ). 

 മൂന്ന് വയസ്സുക്കാരിയുടെ കൊലപാതകം രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. ഒസിഐ കാര്‍ഡും വിസയും റദ്ദാക്കുന്നതിന് പുറമേ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനമെന്നും കൗൺസിൽ ജനറൽ അറിയിച്ചു. ദേശീയ സുരക്ഷാപ്രശ്നങ്ങളും കേസിന്റെ അനന്തരഫലത്തെച്ചൊല്ലി വിദേശരാജ്യവുമായുള്ള ബന്ധം വഷളാക്കാനുള്ള താല്‍പര്യക്കുറവുമാണ് നടപടിക്ക് കാരണം.  

കഴിഞ്ഞ ഒക്ടോബറിലാണ് വെസ്‌‍ലി–സിനി മാത്യൂസ് ദമ്പതികളുടെ വളര്‍ത്തുമകളായ ഷെറിനെ വീട്ടില്‍ നിന്ന് കാണാതായത്. ദിവസങ്ങള്‍ നീണ്ട തിരച്ചിലിൻ ഒടുവിൽ സമീപത്തുള്ള ഭൂഗര്‍ഭചാലില്‍നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഗയയില്‍ നിന്നാണ് വെസ്‌‍ലി–സിനി മാത്യൂസ് ദമ്പതികൾ ഷെറിനെ ദത്തെടുത്തത്.  

click me!