സൈബര്‍ ലോകത്തെ മലയാളി താരം, ഒരു പതിമൂന്നുകാരന്‍

By Web TeamFirst Published Dec 17, 2018, 11:22 AM IST
Highlights

ആദിത്യന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കൾ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. അന്ന് മുതൽ കംപ്യൂട്ടറായിരുന്നു അവന്റെ കൂട്ടുകാർ.

ദുബായ്: പതിമൂന്നാമത്തെ വയസ്സിൽ സൈബർ ലോകത്തെ താരമായി മലയാളി ബാലൻ. മെബൈൽ ആപ്ലിക്കേഷനുകൾ നിർമ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്പനി നിർമ്മിച്ചിരിക്കുകയാണ് ആദിത്യൻ രാജേഷ് എന്ന കൊച്ചു മിടുക്കൻ. ഒമ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു മൊബൈൽ ആപ്ലിക്കേൻ വികസിപ്പിച്ചെടുത്ത ഈ മിടുക്കന് യു എ ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ എന്നാണ് വിശേഷണം. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യൻ.

ആദിത്യന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കൾ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. അന്ന് മുതൽ കംപ്യൂട്ടറായിരുന്നു അവന്റെ കൂട്ടുകാർ. അങ്ങനെ തന്റെ ഒമ്പതാമത്തെ വയസ്സിൽ ‘ആശിർവാദ് ബ്രൗസർ’ എന്ന പേരിൽ ഒരു ബ്രൗസർ വികസിപ്പിച്ചെടുക്കുകയായിരുന്നു. ശേഷം പതിമൂന്നാമത്തെ വയസ്സിൽ ട്രിനെറ്റ് സോലൂഷൻസ് എന്ന കമ്പനി തുടങ്ങി. കമ്പനിയിൽ ആദിത്യനെ കൂടാതെ തന്റെ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾ കൂടിയുണ്ട്. ഇപ്പോൾ നിരവധി കമ്പനികൾക്ക് വേണ്ടി ആദിത്യൻ സൗജന്യമായി ആപ്പുകൾ തയ്യാറാക്കുന്നു, ഡിസൈനിങ്ങും കോഡിങ്ങും ചെയ്യുന്നു.

ആദിത്യന് 18 വയസായാൽ മാത്രമേ  ട്രിനെറ്റ് സോലൂഷൻസ് ഒരു കമ്പനിയായി രജിസ്റ്റർ ചെയ്യാൻ നിയമപ്രകാരം സാധിക്കുകയുള്ളു. ഇപ്പോൾ അധ്യാപകർക്ക് ക്ലാസുകൾ, പരീക്ഷകൾ, മാർക്ക് എന്നിവയൊക്കെ വേഗം അറിയാനും രേഖപ്പെടുത്താനും വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ആദിത്യൻ. ലോഗോ ഡിസൈന്‍ ചെയ്യലും ഉപയോക്താക്കള്‍ക്കായി വെബ്‌സൈറ്റ് നിര്‍മാണവും ഇപ്പോള്‍ ആദിത്യന്റെ ഒരു ഹോബിയാണ്.

click me!