റാണാ അയൂബിന്റെ പരിപാടിക്ക് ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ വിലക്ക്

By Web DeskFirst Published Oct 26, 2016, 7:06 PM IST
Highlights

ഇതേ തുടര്‍ന്ന് ശനിയാഴ്ച നടത്താനിരുന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ എണ്‍പത്തിയഞ്ചാമത് ജന്മദിനാചരണ പരിപാടി നിര്‍ത്തി വെച്ചു. ചടങ്ങില്‍ മുഖാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന റാണാ അയൂബിനെ ഒഴിവാക്കണമെന്ന എംബസി ഉദ്യോഗസ്ഥന്റെ അറിയിപ്പിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി റദ്ധാക്കുകയായിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ബീഹാര്‍ ആന്‍ഡ് ജാര്‍ഖണ്ഡിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് ഐസിസി അശോകാ ഹാളിലാണ് അബ്ദുള്‍കലാം അനുസ്മരണ പരിപാടി നടത്താനിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പേ ഹാള്‍ ബുക്ക് ചെയ്തു പ്രചാരണ പരിപാടികള്‍ ആരംഭിച്ച സംഘാടകര്‍ അവരുടെ ഫേസ് ബുക്ക് പേജിലും റാണാ അയൂബ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദെനിയ, ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകളുടെ ചുമതല വഹിക്കുന്ന ഐസിസി പ്രസിഡന്റിനെ വിളിച്ച് ചടങ്ങില്‍ റാണാ അയൂബിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്റെ ഫേസ്ബുക് പേജിലൂടെയാണ്  അവര്‍ ഇക്കാര്യം അറിയിച്ചത്. പിന്നീട് അല്‍ ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ ഇന്ത്യന്‍ അധികൃതര്‍ തന്നെ വേട്ടയാടുന്നതായും ഖത്തറിലെ പൊതുപരിപാടിയില്‍ ഇന്ത്യന്‍ എംബസി തനിക്ക് വിലക്കേര്‍പ്പെടുത്തിയതായും അവര്‍ തുറന്നടിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പങ്ക് വിശദീകരിച്ചു കൊണ്ട് റാണാ അയൂബ് എഴുതിയ 'ഗുജറാത്ത് ഫയല്‍സ് : അനാട്ടമി ഓഫ് എ കവര്‍ അപ് 'എന്ന പുസ്തകം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ചടങ്ങിലും പുസ്തകവുമായി ബന്ധപ്പെട്ട് അവര്‍ പ്രഭാഷണം നടത്തിയിരുന്നു. ഇതായിരിക്കാം എംബസി അധികൃതരെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. അതേസമയം അബ്ദുള്‍കലാം അനുസ്മരണ പരിപാടിയുടെ സംഘാടകരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായില്ല.

click me!